ഗുസ്തി താരം സാഗര്‍ ധന്‍കഡിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

ന്യൂഡെല്‍ഹി: തർക്കത്തെ തുടർന്ന് ഛത്രസാല്‍ സ്റ്റേഡിയത്തില്‍ ജൂനിയർ ഗുസ്തി താരം സാഗര്‍ ധന്‍കഡിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. 22കാരനായ അനിരുദ്ധ് ആണ് അറസ്റ്റിലായതെന്ന് മുതിര്‍ന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍ അടക്കം ജയിലിലായ കേസില്‍, അറസ്റ്റിലാകുന്ന പത്താമത്തെ ആളാണ് അനിരുദ്ധ്. സുശീല്‍ കുമാറിന്റെ സഹായിയും ഗുസ്തി താരവുമാണ് അനിരുദ്ധെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, ഗുസ്തി താരമാണെന്നും കരിയര്‍ തുടരാന്‍ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രത്യേക ഭക്ഷണങ്ങള്‍ അനുവദിക്കണമെന്നുമുള്ള സുശീല്‍ കുമാറിന്റെ ഹരജി കോടതി തള്ളിയിരുന്നു. പ്രത്യേകം തയാറാക്കിയ ഭക്ഷണം കൂടാതെ പ്രോട്ടീന്‍, ഒമേഗ-3 ക്യാപ്‌സൂളുകള്‍, മള്‍ട്ടിവൈറ്റമിന്‍ ജി.എന്‍.സി തുടങ്ങിയവയാണ് സുശീല്‍ ആവശ്യപ്പെട്ടിരുന്നത്. സാഗര്‍ ധന്‍കഡിനെ കൊലപ്പെടുത്തിയതിന് മേയ് 22നാണ് സുശീല്‍ കുമാര്‍ അറസ്റ്റിലായത്.