മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. നരേന്ദ്ര മോദി രാജ്യത്തെ ടോപ്പ് ലീഡറാണെന്നായിരുന്നു റാവത്തിന്റെ പരാമർശം. ഇതോടെ മഹാരാഷ്ട്രയിൽ കോൺഗ്രസും എൻസിപിയും വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. കഴിഞ്ഞ ഏഴ് വർഷമായുണ്ടായ എല്ലാ നേട്ടങ്ങൾക്കും ബിജെപി നരേന്ദ്ര മോദിയോട് കടപ്പെട്ടിരിക്കുകയാണെന്നും നിലവിൽ രാജ്യത്തെയും ബിജെപിയിലെയും ടോപ് ലീഡറാണ് മോദിയെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തിയ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സഞ്ജയ് റാവത്ത് തയ്യാറായില്ല. ഇക്കാര്യത്തിൽ മാധ്യമ റിപ്പോർട്ടുകളുടെ പിന്നാലെ പോകാനില്ലെന്നും പാർട്ടിയിൽ നിന്നും ഔദ്യോഗിക പ്രസ്താവന ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി സൗഹൃദം പുന:സ്ഥാപിക്കുമോയെന്ന ചോദ്യത്തിന് കടുവകളുമായി ആർക്കും സൗഹൃദം സ്ഥാപിക്കാൻ കഴിയില്ലെന്നും ഇക്കാര്യം തീരുമാനിക്കുന്നത് കടുവകളാണെന്നുമായിരുന്നു റാവത്തിന്റെ മറുപടി.
ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് കടുവ. ബിജെപിയുമായി അനുഭാവം പുലർത്തുന്ന പ്രതികരണങ്ങളും പ്രവർത്തനങ്ങളും ശിവസേന നേതാക്കളിൽ നിന്നുണ്ടാകുന്നതോടെ എൻസിപിയും കോൺഗ്രസും പ്രതിസന്ധിയിലായിരിക്കുകയാണ്. സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുമെന്ന് ശരദ് പവാർ പറയുമ്ബോഴും കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്ന സൂചനകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.