വില ഇരുപതിനായിരം; എആർ റഹ്മാന്റെ മാസ്‌കിന്റെ പ്രത്യേകതകൾ വിസ്മയകരം

ചെന്നൈ: എ ആർ റഹ്മാന്റെ മാസ്കിന്റെ വില കേട്ട് അമ്പരക്കുകയാണ് പലരും. വാക്സീൻ സ്വീകരിച്ച ശേഷം എആർ റഹ്മാൻ പങ്കുവെച്ച ചിത്രത്തിൽ ധരിച്ചിരിക്കുന്ന മാസ്കിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ചെന്നൈയിലെ വാക്സിനേഷൻ സെന്ററിൽ നിന്നും കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ച ശേഷം മകനൊപ്പം നിൽക്കുന്ന ചിത്രം എ ആർ റഹ്മാൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

നിറം വെളുപ്പ്. 18,148 രൂപയാണ് മാസ്കിന്റെ വില. വായു മലിനീകരണത്തിൽ നിന്നടക്കം സംരക്ഷണം നൽകുന്ന ഡ്യുവൽ എച്ച് 13 ഗ്രേഡ് എച്ച്ഇപിഎ ഫിൽട്ടർ ആണ് മാസ്‌കിന്റെ പ്രത്യേകത. 99.7 ശതമാനം വരെ വായുശുദ്ധീകരണമാണ് മാസ്‌ക് വാഗ്ദാനം ചെയ്യുന്നത്. ഓട്ടോ സാനിറ്റൈസിങ് യുവി സ്റ്റെറിലൈസിങ് സംവിധാനവും മാസ്‌കിന്റെ പ്രത്യേകതയാണ്.

ഉപയോഗിച്ചുകൊണ്ടിരിക്കെ തന്നെ യാന്ത്രികമായി മാസ്‌ക് ശുചീകരിക്കും. 820 എംഎഎച്ച് ബാറ്ററിയാണ് പ്യൂരിക്കെയർ വെയറബിൾ എയർ പ്യൂരിഫയറിൽ ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ പരമാവധി 8 മണിക്കൂർ വരെ മാസ്‌ക് ഉപയോഗിക്കാം.