ഒറ്റ പ്രസവത്തിൽ പത്ത്​ കുഞ്ഞുങ്ങൾ; ലോക റെക്കോഡ് പ്രഖ്യാപനം ഉടൻ

കേപ്ടൗൺ: ഒറ്റ പ്രസവത്തിൽ 10 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ലോകത്തെ അമ്പരപ്പിച്ച് ദക്ഷിണാഫ്രിക്കൻ യുവതി. 37കാരിയായ ഗോസിയാമെ തമാരാ സിതോൾ 10 മക്കൾക്ക് ജന്മം നൽകി ലോക റെക്കോഡിന് ഉടമയാകുന്നത്. എട്ട്​ കുട്ടികളുണ്ടാകുമെന്നായിരുന്നു സിതോളിൻ്റെ സ്‌കാനിങ് റിപ്പോർട്ട്. എന്നാൽ, ഏഴ്​ മാസവും ഏഴ്​ ദിവസവും ആയപ്പോൾ അവർ പത്ത്​ കൺമണികൾക്ക്​ ജന്മം നൽകുകയായിരുന്നു. ഏഴ് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ്​ സിസേറിയനിൽ ജനിച്ചത്​.

ഇക്കാര്യം ഔദ്യോഗികമായി സ്​ഥിരീകരിച്ച ശേഷം ലോക റെ​ക്കോർഡായി പ്രഖ്യാപിക്കുമെന്ന്​ ഗിന്നസ്​ ബുക്ക്​​ അധികൃതർ പറഞ്ഞു. ഇവർക്ക് ആറ്​ വയസ്സുള്ള ഇരട്ടകുട്ടികളുമുണ്ട്​. ദക്ഷിണാഫ്രിക്കയിലെ ഗോതെംഗ് സ്വദേശിയായ സിതോൾ ഗർഭസംബന്ധമായ ചികിത്സകളൊന്നും തേടിയിരുന്നില്ലെന്ന്​ ഭർത്താവ് തെബോഹോ സുതെത്‌സി​ പറഞ്ഞു.

കഴിഞ്ഞ മാസം ഒറ്റ പ്രസവത്തിൽ ഒമ്പത്​ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ മൊറോക്കോയിലെ മലിയാൻ ഹലീമ സിസ്സെയുടെ ​പേരിലാണ്​ നിലവിലെ റെക്കോർഡ്​. ​ ഇങ്ങനെയൊരു വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും 10 കുഞ്ഞുങ്ങളുടെ ജനനം സ്ഥിരീകരിച്ചു കഴിഞ്ഞാൽ അത് റെക്കോർഡ് തന്നെയാകുമെന്നും ഗിന്നസ് ബുക്ക് വക്​താവ്​ വ്യക്​തമാക്കി.

‘കുടുംബത്തെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. അമ്മയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിനാണ് മുൻഗണന. അതിനുശേഷം ഔദ്യോഗികമായി സ്ഥിരീകരിച്ച്‌ റെക്കോർഡായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.