കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തൻ മുൻ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡെല്‍ഹി: കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിന്‍ പ്രസാദ കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തില്‍ ഡെല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് ജിതിന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

കോണ്‍ഗ്രസില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും പാര്‍ട്ടിക്ക് ജനങ്ങളെ സംരക്ഷിക്കാനാവില്ലെന്നും ഉള്ള തിരിച്ചറിവിനെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടെതെന്ന് ജിതിന്‍ പ്രസാദ മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായി അറിയിപ്പെട്ടിരുന്ന ജിതിന്‍ പ്രസാദ കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യമാണെന്ന് കാണിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് നേരത്തെ കത്തയച്ചിരുന്നു. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് തന്റെ കത്ത് തെറ്റിധരിക്കപ്പെട്ടതായി ഇദ്ദേഹം പറഞ്ഞിരുന്നു.

ജിതിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ഉത്തര്‍ പ്രദേശിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.നേരത്തെ പാര്‍ട്ടി വിടുന്നതായി ഉള്ള വാര്‍ത്തകൾ ജിതിന്‍ പ്രസാദയും നിഷേധിച്ചിരുന്നു. അന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ജിതിന്‍ പാര്‍ട്ടിയില്‍ തുടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിതിൻ പ്രസാദ് എന്ന മുൻ കോൺഗ്രസ് നേതാവിൻ്റെ വിശേഷണങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. രാഹുൽ ഗാന്ധിയുമായി ഏറ്റവും അടുപ്പമുള്ള കോൺഗ്രസ് നേതാവ്, മുൻ‍ കേന്ദ്രമന്ത്രി, ഉത്തര്‍പ്രദേശില്‍ നിന്ന് രണ്ടുതവണ ലോക്സഭാ എം.പി, ജനസമ്മതൻ അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് ജിതിന്‍ പ്രസാദ് എന്ന നേതാവിന്.

വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരെഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയാണ് ജിതിന്‍ പ്രസാദ ബിജെപിയിൽ ചേര്‍ന്നതെന്നാണ് വിലയിരുത്തല്‍. ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പില്‍ ജിതിന്‍ ബിജെപിയില്‍ എത്തുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകും. ജ്യോതിരാദിത്യസിന്ധ്യയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് വിട്ട പ്രധാനിയാണ് ജിതിന്‍ പ്രസാദ.

ജിതിന്‍ പ്രസാദിൻ്റെ കൂറുമാറ്റം പ്രിയങ്കയ്ക്കും രാഹുല്‍ ഗാന്ധിക്കും വലിയൊരു ആഘാതം തന്നെയാണ്. മധ്യ യുപിയിലെ അറിയപ്പെടുന്ന ബ്രാഹ്മണ മുഖമാണ് പ്രസാദ എന്നതിനാല്‍ ഇത് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. പ്രധാനമായും കേന്ദ്ര യുപിയിലെ ബ്രാഹ്മണ സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ ജിതിന് സാധിച്ചിട്ടുണ്ട്. അദ്ദേഹം ബിജെപിയില്‍ ചേർന്നത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന നേട്ടമാണ്.