അഞ്ചു വയസുകാരി അഞ്ജലി ദാഹിച്ചു മരിച്ചു; മുത്തശ്ശിയെ രക്ഷപ്പെടുത്തി

ജയ്പൂർ :കുടിനീരിനായി കരഞ്ഞ് കരഞ്ഞ് പെൺകുഞ്ഞ് മരിച്ചു. അഞ്ചു വയസുകാരി അഞ്ജലിയാണ് ദാഹിച്ചു വലഞ്ഞ് രാജസ്ഥാൻ മരുഭൂമിയിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുത്തശ്ശി സുഖീദേവിയെ പോലീസ് രക്ഷപെടുത്തി. സുഖീദേവിയുടെ വീട്ടിൽ നിന്ന് അഞ്ജലിയുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.

ഞായറാഴ്ച ഉച്ചയ്ക്കാണ് മുത്തശ്ശി സുഖീ ദേവിയും , അഞ്ജലിയും സിറോഹി ജില്ലയിൽ നിന്ന് ജലൂർ ജില്ലയിലേക്ക് യാത്ര ആരംഭിച്ചത്. യാത്രാ ദൈർഘ്യം കുറയ്ക്കാൻ 15 കിലോമീറ്റർ ഉള്ള കുറുക്കു വഴിയാണ് ഇവർ തെരഞ്ഞെടുത്തത്. മരുഭൂമിയിലൂടെയും കുന്നുകളിലൂടെയുമായിരുന്നു യാത്ര. എന്നാൽ യാത്ര ആരംഭിച്ച് അഞ്ചു കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും ചൂട് താങ്ങാനാവാതെ അഞ്ജലി കുഴഞ്ഞു വീണിരുന്നു.

രാജസ്ഥാനിലെ 45 ഡിഗ്രി ചൂട് സഹിക്കാനാകാതെ അഞ്ജലി വെള്ളത്തിനായി കരയുകയായിരുന്നു. മുത്തശ്ശിയും അവശനിലയിലായിരുന്നു.അതുവഴിയെത്തിയ പോലീസുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത് . അപ്പോഴേക്കും അഞ്ജലി മരിച്ചിരുന്നു . ജലൂർ ജില്ലയിലെ റാണിവര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുഖീദേവിയുടെ നില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു.