കര്‍ഷകരുടെ സാക്ഷിയായി പശു പൊലീസ് സ്റ്റേഷനിൽ; മാപ്പ് ചോദിച്ച് ജാമ്യം നൽകി പോലീസ്

ചണ്ഡിഗഡ്: അറസ്റ്റ് ചെയ്ത കര്‍ഷകരെ വിട്ട് കിട്ടാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ സാക്ഷിയെ കണ്ട് പൊലീസുകാര്‍ ഒന്ന് അമ്പരന്നു, ഒരു പശു. എന്നാല്‍ സാക്ഷിയെ കൊണ്ടുവന്നവര്‍ക്ക് ആവട്ടെ ഒരു ഭാവഭേദവുമില്ല. നാല്‍പത്തിയൊന്നാം സാക്ഷിയാണ് എത്തിയിരിക്കുന്നതെന്നും അറസ്റ്റ് ചെയ്യപ്പെട്ട കര്‍ഷകരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് സാക്ഷിയെ കൊണ്ടുവന്നവര്‍ വ്യത്യസ്ത പ്രതിഷേധത്തിൻ്റെ പാത തുറന്നു.

സംഭവം നടന്നത് ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ പോലീസ് സ്റ്റേഷനിലാണ്. എംഎല്‍എയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത രണ്ട് കര്‍ഷകരെ വിട്ടുകിട്ടാനാണ് ഈ വ്യസ്തമായ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ആകട്ടെ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തും.

കഴിഞ്ഞ ബുധനാഴ്ച ഭരണകക്ഷിയായ ബി ജെ പിയുമായി സഖ്യമുള്ള ജെജെപിയുടെ ഹരിയാന എംഎല്‍എ ദേവേന്ദ്ര സിംഗ് ബാബ്ലിയുടെ വീട് വളഞ്ഞെന്നാരോപിച്ചാണ് കര്‍ഷക നേതാക്കളായ വികാസ് സിസാര്‍, രവി ആസാദ് എന്നിവരെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫത്തേഹാബാദ് തോഹാനയിലെ പോലീസ് സ്റ്റേഷനില്‍ മറ്റ് കര്‍ഷകര്‍ കുത്തിയിരുപ്പ് സമരം നടത്തിയത്.

കര്‍ഷകര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് കണ്ട സാക്ഷികളില്‍ ഒരാള്‍ പശുവാണെന്ന് കാണിച്ചാണ് ഇവര്‍ പശുവുമായി എത്തി പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടത്തിയത്. വെറുതെ പശുവവുമായി എത്തി പ്രതിഷേധിക്കുക മാത്രമല്ല ഇവര്‍ ചെയ്തത്. കേസിലെ സാക്ഷിയായ പശുവിന് തീറ്റയും വെള്ളവും എത്തിക്കാനുള്ള ഉത്തരവാദിത്തം പൊലീസിന് ഉണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു.

‘ഇപ്പോഴത്തെ സര്‍ക്കാര്‍ സ്വയം പശു ഭക്തരും പശുപ്രേമികളുമായി ആണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ വിശുദ്ധ മൃഗത്തെ ഒരു പ്രതീകമായിട്ടാണു ഞങ്ങള്‍ കൊണ്ടുവന്നത്,” പ്രതിഷേധിച്ച കര്‍ഷകര്‍ പറഞ്ഞു. പ്രതിഷേധം ശക്തിപ്പെട്ടതോടെ കര്‍ഷകര്‍ക്ക് എതിരെ മോശമായി സംസാരിച്ചതില്‍ മാപ്പ് ചോദിച്ചു ബാബ്ലി രംഗത്തെത്തി. രണ്ട് കര്‍ഷകരെയും ഞായറാഴ്ച രാത്രി ജാമ്യത്തില്‍ വിടുകയും ചെയ്തു.