മാസ്ക്ക് ധരിക്കാന്‍ ആവശ്യപ്പെട്ട പൊലീസിനെ കൈയ്യേറ്റം ചെയ്ത് അഭിഭാഷകയും ഡിഎംകെ പ്രവർത്തകരും

ചെന്നൈ: മാസ്ക്ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിന് തമിഴ്നാട്ടില്‍ പൊലീസിനെ കൈയ്യേറ്റം ചെയ്തു അഭിഭാഷകയും ഡിഎംകെ പ്രവർത്തകരും. ചെന്നൈയില്‍ അഭിഭാഷകയും കോയമ്പത്തൂരില്‍ ഡിഎംകെ പ്രവര്‍ത്തകരുമാണ് പൊലീസിനെ ആക്രമിച്ചത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കര്‍ശന നടപടിക്ക് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി.

ചെന്നൈ ചേട്ട്പേട്ട് സിഗ്നലില്‍ വച്ചാണ് അഭിഭാഷകയും മകളും സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞത്. അടിയന്തര ആവശ്യത്തിനാണോ യാത്രയെന്നായിരുന്നു പരിശോധന. ഞയറാഴ്ചയായത് കൊണ്ട് മറീനയില്‍ മീന്‍ വാങ്ങാന്‍ പോകുന്നുവെന്നായിരുന്നു മറുപടി. മദ്രാസ് ഹൈക്കോടതി അഭിഭാഷകയായ ഇവര്‍ മാസ്ക്ക് ധരിച്ചിരുന്നില്ല.

പൊലീസ് ബോധവത്കരിക്കാന്‍ ശ്രമിച്ചതോടെ ബഹളമായി.പൊലീസുകാരെ കൈയ്യേറ്റം ചെയ്യാനും ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ നശിപ്പിക്കാനും ശ്രമിച്ചു. ഉന്നത സ്വാധീനമുണ്ടെന്ന് പറഞ്ഞായിരുന്നു ഭീഷണി. വാഹനം പൊലീസ് പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ഉന്നതരുടെ വിളിയെത്തിയതോടെ മിനിറ്റുകള്‍ക്കകം വിട്ടയച്ചു.

കോയമ്പത്തൂരില്‍ ഡിഎംകെ ഓഫീസിന് മുന്നില്‍ മാസ്ക്ക് ഇല്ലാതെ കൂട്ടം കൂടി നിന്ന പ്രവര്‍ത്തകരെ ശകാരിക്കാന്‍ ശ്രമിച്ച പൊലീസിനെയും കോര്‍പ്പറേഷന്‍ ജീവനക്കാരെയും പ്രവര്‍ത്തകര്‍ മര്‍ദിച്ചു. രണ്ട് പൊലീസുകാര്‍ക്ക് കോര്‍പ്പറേഷന്‍ ജീവനക്കാരനും പരിക്കേറ്റു.

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പ്രവര്‍ത്തകര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ഡിഎംകെ വ്യക്തമാക്കി. സംഭവത്തില്‍ തമിഴ്നാട് പൊലീസ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി. ചെന്നൈയില്‍ പോലീസിനെ മര്‍ദിച്ച അഭിഭാഷകയ്ക്ക് എതിരെ ശക്തമായ വകുപ്പുകളില്‍ കേസ് എടുക്കാന്‍ ഡിജിപി നിര്‍ദേശിച്ചു.