ന്യൂഡെൽഹി : നീക്കം ചെയ്ത മണിക്കൂറുകൾക്കകം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഉൾപ്പെടെ മറ്റ് നേതാക്കളുടേയും അക്കൗണ്ടിലെ ബ്ലൂ ബാഡ്ജ് ട്വിറ്റർ പുനഃസ്ഥാപിച്ചു.
വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിലെ ബ്ലൂ ബാഡ്ജാണ് നേരത്തെ ട്വിറ്റർ പിൻവലിച്ചത്. തുടർന്ന് സംഭവം വാർത്തയായപ്പോൾ പുനഃസ്ഥാപിക്കുകയായിരുന്നു.
ട്വിറ്ററിന്റെ നടപടിക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരായ ആക്രമണമാണ് ട്വിറ്ററിന്റേത് എന്നാണ് ബിജെപി മുംബൈ വക്താവ് സുരേഷ് നഖുവ പ്രതികരിച്ചിരുന്നത്. എന്നാൽ ഇത് അസ്വാഭാവിക നടപടിയല്ലെന്നും യഥാസമയം വേരിഫിക്കേഷൻ നടപടി പൂർത്തിയാക്കാത്തതുകൊണ്ടാണ് ഇതുണ്ടായതെന്നും ട്വിറ്റർ പ്രതികരിച്ചു.
ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത് ഉൾപ്പെടെയുള്ള നേതാക്കളുടെ അക്കൗണ്ടുകളിലെ ബ്ലൂ ബാഡ്ജും പുനഃസ്ഥാപിച്ചു. മോഹൻ ഭഗവത്, ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ, അരുൺ കുമാർ, മുൻ ജനറൽ സെക്രട്ടറി സുരേഷ് ജോഷി, സമ്ബർക്ക് പ്രമുഖ് അനിരുദ്ധ് ദേശ്പാണ്ഡെ എന്നിവരുടെ അക്കൗണ്ടുകളുടെ ബ്ലൂ ടിക്കാണ് പുനഃസ്ഥാപിച്ചത്