പുതുക്കിയ ഐടി ചട്ടം ഉടന്‍ നടപ്പാക്കണം; ഇല്ലെങ്കിൽ നടപടി; ട്വിറ്ററിന് കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനം

ന്യൂഡെല്‍ഹി: സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ച ഐടി ചട്ടം ഉടന്‍ നടപ്പിലാക്കണമെന്ന് ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. പുതിയ നയം അംഗീകരിക്കാത്ത പക്ഷം അനന്തരഫലം നേരിടേണ്ടി വരുമെന്നാണ് കേന്ദ്രത്തിന്റെ മു്ന്നറിയിപ്പ്.

ഡിജിറ്റല്‍ മീഡിയ നിയമങ്ങള്‍ അനുസരിക്കാനുള്ള അവസാന അവസരം നല്‍കുകയാണ്. ഇതില്‍ വീഴ്ചവരുത്തിയാല്‍ ഐടി ആക്ട് 2000ത്തിലെ 79ാം വകുപ്പ് പ്രകാരം അനന്തര നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ് നല്‍കിയത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ബ്ലൂ ബാഡ്ജ് നീക്കം ചെയ്തതിന് പിന്നാലയാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. പുതിയ ഐടി നിയമം അംഗീകരിക്കുന്നത് സംബന്ധിച്ചും കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയായിരുന്നു വെങ്കയ്യ നായിഡുവിന്റെ ട്വിറ്റര്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉയര്‍ന്നത്.

വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ട് ഏറെ നാളായി ഉപയോഗിക്കാത്തതിന്റെ പേരിലായിരുന്നു ട്വിറ്റര്‍ ബ്ലൂ ബാഡ്ജ് നീക്കം ചെയ്തത്. എന്നാല്‍ പ്രശ്‌നത്തില്‍ ഐടി മന്ത്രാലയം ഇടപെട്ടതിനെ തുടര്‍ന്ന് ഇത് ട്വിറ്റര്‍ പുനസ്ഥാപിച്ചു.