‘പ്രൊജക്‌ട് 75 ഇന്ത്യ’; അതിപ്രഹര ശേഷിയുള്ള അന്തര്‍വാഹിനികള്‍ ” വാങ്ങാന്‍ തീരുമാനിച്ച്‌ നാവികസേന

ന്യൂഡെൽഹി: ശത്രുക്കള്‍ക്കെതിരായ പ്രതിരോധം വര്‍ദ്ധിപ്പിക്കാന്‍ ‘പ്രൊജക്‌ട് 75 ഇന്ത്യ’ പദ്ധതി പ്രകാരം കൂടുതല്‍ അന്തര്‍വാഹിനികള്‍ വാങ്ങാന്‍ തീരുമാനിച്ച്‌ ഇന്ത്യന്‍ നാവിക സേന. ഇതിന്റെ ഭാഗമായി അതിപ്രഹര ശേഷിയുള്ള ആറ് അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ടെണ്ടര്‍ നടപടികള്‍ നാവിക സേന പൂര്‍ത്തിയാക്കിയെന്നാണ് ലഭ്യമായ വിവരം.

പുതിയതായി ആറ് ഡീസല്‍ ഇലക്‌ട്രിക് അന്തര്‍വാഹിനികള്‍ വാങ്ങുന്നതിനായി ഏകദേശം 50,000 കോടി രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. 12 ലാന്റ് അറ്റാക്ക് ക്രൂയിസ് മിസൈലുകളെയും, ആന്റി ഷിപ്പ് ക്രൂയിസ് മിസൈലുകളെയും വഹിക്കാന്‍ ശേഷിയുള്ളവയാണ് ഇത്തരം അന്തര്‍വാഹിനികള്‍.

നാവികസേനയ്ക്കായുള്ള സ്‌കോര്‍പീന്‍ ക്ലാസ് വിഭാഗത്തില്‍പ്പെട്ട അന്തര്‍വാഹിനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുംബൈയിലെ മസ്‌ഗോണ്‍ ഡോക്‌യാര്‍ഡ്‌സില്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയതായി ആറ് എണ്ണം കൂടി വാങ്ങാന്‍ തീരുമാനിച്ചത്. സ്‌കോര്‍പീന്‍ ക്ലാസ് വിഭാഗത്തില്‍പ്പെട്ട അന്തര്‍വാഹിനികളെക്കാള്‍ 50 ശതമാനത്തോളം വലുപ്പം കൂടിയ, അതിപ്രഹര ശേഷിയുള്ള അന്തര്‍വാഹിനികള്‍ വാങ്ങാനാണ് നാവിക സേനയുടെ ലക്ഷ്യം.