രാഷ്ട്രീയക്കാർക്ക് ഇനി പ്രത്യേക പരി​ഗണന നൽകില്ല; നിലപാട് വ്യക്തമാക്കി ഫേസ്ബുക്ക്

ന്യൂഡൽഹി: ഫേസ്ബുക്ക് രാഷ്ട്രീയക്കാരുടെ പോസ്റ്റുകൾക്ക് നൽകുന്ന പ്രത്യേക പരിഗണന നിർത്തലാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. കണ്ടന്റ് മോഡറേഷൻ നിയമങ്ങളിൽ നിന്നും രാഷ്ട്രീയക്കാരെ ഒഴിവാക്കുന്ന നയമാണ് ഫേസ്ബുക്ക് ഒഴിവാക്കാനൊരുങ്ങുന്നത്.

ഫേസ്ബുക്കിന്റെ മോഡറേഷൻ നയം പരിശോധിക്കുന്ന ബോർഡിന്റെ നിർദ്ദേശ പ്രകാരമാണ് നീക്കം. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സസ്‌പെൻഡ് ചെയ്ത അക്കൗണ്ട് പുനസ്ഥാപിക്കേണ്ടതില്ലെന്ന നിർദ്ദേശം മുന്നോട്ട് വെച്ചതും ഈ ബോർഡായിരുന്നു. ‌‌‌

ജനുവരി ആറിന് യുഎസ് കാപിറ്റോളിൽ കലാപകാരികൾ നടത്തിയ ആക്രമണത്തെ പ്രകീർത്തിച്ചു കൊണ്ട് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോസ്റ്റിട്ടതിന്റെ പേരിൽ ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിയിരുന്നു. ഈ നയം എല്ലാവർക്കും ബാധകമാവണമെന്നാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന നിർദ്ദേശം.

രാഷ്ട്രീയക്കാർ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും പരസ്പരം അതിരു കടന്ന ആരോപണ പ്രത്യാരോപണങ്ങൾ നടത്തുന്നതിനും ഫേസ്ബുക്ക് മാധ്യമമാക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നു വരുന്നതിനിടെയാണ് നീക്കം. നിലവിൽ സാധാരണയുള്ള മോഡറേഷൻ നയങ്ങളിൽ രാഷ്ട്രീയക്കാർക്ക് പരിഗണന ലഭിക്കുന്നുണ്ട്. ഈ പരിഗണനയാണ് ഇപ്പോൾ ഒഴിവാക്കാനൊരുങ്ങുന്നത്.