ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നഡയെന്ന ഗൂഗിൾ സെർച്ച് എൻജിൻ്റെ ഉത്തരം ; ക്ഷമ ചോദിച്ച് ഗൂഗിളിൻ്റെ ട്വീറ്റ്

ബെംഗളൂരു:
“തെറ്റിദ്ധാരണയ്ക്കിടയാക്കിയതിനും ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയട്ടെങ്കിൽ അതിനും ക്ഷമ ചോദിക്കുന്നു”
ഗൂഗിൾ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ക്ഷമ ചോദിച്ചതിന് കാരണമുണ്ട്. ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ ഏതാണെന്ന ചോദ്യത്തിന് ‘കന്നഡ’ എന്ന് ഗൂഗിൾ സെർച്ച് എൻജിൻ ഉത്തരം നൽകി. ഗൂഗിളിന്റെ ഉത്തരത്തിനെതിരേ വ്യാപക പ്രതിഷേധമുയർന്നതോടെ കർണാടക സർക്കാർ നിയമനടപടിയിലേക്ക് കടന്നു. ഇത്തരമൊരു ഉത്തരം നൽകിയതിൽ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിളിന്റെ അധികൃതർക്ക് നോട്ടീസയയ്ക്കുമെന്ന് കന്നഡ സാംസ്കാരികമന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു.

സാമൂഹികമാധ്യമങ്ങളിൽ വ്യാപകവിമർശനമുയർന്നതോടെ വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ ഗൂഗിൾ ഉത്തരം നീക്കംചെയ്തു. ഉത്തരത്തിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടായിരുന്നു കന്നഡിഗർ രംഗത്തെത്തിയത്.

കന്നഡഭാഷയ്ക്ക് അതിന്റേതായ ചരിത്രമുണ്ടെന്നും 2500-ലധികം വർഷം പഴക്കമുള്ള ഭാഷ കന്നഡിഗരുടെ അഭിമാനമാണെന്നും മന്ത്രി അരവിന്ദ് ലിംബാവലി ട്വീറ്റ് ചെയ്തു. കന്നഡിഗരുടെ അഭിമാനത്തെ അവഹേളിക്കുകയാണ് ഗൂഗിളെന്നും അദ്ദേഹം പറഞ്ഞു. ഭാഷകൾക്കെതിരായ ഇത്തരം വിദ്വേഷം നിയന്ത്രിക്കാൻ ഗൂഗിളിന് കഴിയില്ലേയെന്നും ഇത്തരം തെറ്റുകൾ ഒരിക്കലും സ്വീകാര്യമല്ലെന്നും മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തു.

സംഭവത്തിൽ ഗൂഗിൾ മാപ്പുപറയണമെന്ന് ബിജെപി എംപി പിസി മോഹൻ ആവശ്യപ്പെട്ടു. കന്നഡ സാംസ്കാരികരംഗത്തുള്ള ഒട്ടേറെപ്പേരും ഗൂഗിളിനെതിരേ രംഗത്തെത്തി.