ന്യൂഡെൽഹി: കനത്ത മഴയെത്തുടർന്ന് അരുണാചൽ പ്രദേശിലെ ദേശീയപാത -415 ന്റെ ഒരു വശം തകർന്ന് വീണു. അടുത്തിടെ തുറന്ന ദേശീയ പാതയിൽ വാഹനങ്ങൾ ഇരുവശത്തേക്കും അതിവേഗം സഞ്ചരിക്കുന്നതിനിടെയാണ് റോഡിന്റെ ഒരു വശം തകർന്ന് നിലം പൊത്തിയത്.
അരുണാചൽ തലസ്ഥാനമായ ഇറ്റാനഗർ നഗരമധ്യത്തിലെ ഇന്ദിര ഗാന്ധി പാർക്കിനു സമീപം ഡി- സെക്ടറിലാണ് സംഭവം. വാഹനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അപകടത്തിൽ പെട്ടില്ല.
നഹർലഗുൻ- ഇറ്റാനഗർ നഗരങ്ങളെ ബന്ധിപ്പിച്ച് നിർമിച്ച ദേശീയ പാതയിൽ അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. വിശാലമായ റോഡിന്‍റെ ഒരു വശം തകർന്നുനിലംപൊത്തുന്ന ദൃശ്യങ്ങളുള്ള വീഡിയോ വൈറലാണ്.
അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്ഥലത്തെ ഗതാഗതം തടസപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.