സ്വകാര്യ ആശുപത്രികള്‍ ആഡംബര ഹോട്ടലുകളുമായി ചേര്‍ന്ന് വാക്‌സിനേഷന്‍ നടപ്പാക്കുന്നു; നടപടി സ്വീകരിക്കണമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: ചില സ്വകാര്യ ആശുപത്രികള്‍ ആഡംബര ഹോട്ടലുകളുമായി ചേര്‍ന്ന് കൊറോണ വാക്‌സിനേഷന്‍ പാക്കേജ് സംഘടിപ്പിക്കുന്നത് തടയണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഇത്തരത്തിലുള്ള കൊറോണ വാക്‌സിനേഷന്‍ പാക്കേജ് നല്‍കുന്നതിനെതിരെ നിയമനടപടി സ്വീകരിണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചത്.

ദേശീയ കൊറോണ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമ്പോള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കാനും ഇത് ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സര്‍ക്കാര്‍, സ്വകാര്യ കൊറോണ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍, ജോലിസ്ഥലങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായുള്ള വീടിന് സമീപമുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍, ഹൗസിംഗ് സൊസൈറ്റികള്‍, ആര്‍ഡബ്ല്യുഎ ഓഫീസുകള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍, പഞ്ചായത്ത് ഭവന്‍, സ്‌കൂള്‍, കോളേജുകള്‍, വാര്‍ദ്ധക്യകാല വീടുകള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ താല്‍ക്കാലിക അടിസ്ഥാനത്തി വാക്‌സിനേഷന്‍ നല്‍കാവുന്നതാണ്.

എന്നാല്‍ ഇതിന് വിരുദ്ധമായി ആഡംബര ഹോട്ടലുകളും സ്വകാര്യ ആശുപത്രികളും ചേര്‍ന്ന് സുഖപ്രദമായ താമസം, ആരോഗ്യകരമായ പ്രഭാതഭക്ഷണം, അത്താഴം, വൈഫൈ എന്നിവയ്ക്ക് ഒപ്പം വാക്‌സിനേഷനും കൂടി ഉള്‍പ്പെടുത്തുന്ന പാക്കേജ് നല്‍കുന്നു. കൂടാതെ ‘പ്രശസ്ത ആശുപത്രികളിലെ വിദഗ്ധരുടെ ക്ലിനിക്കല്‍ കണ്‍സള്‍ട്ടേഷനും നല്‍കുന്നു. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം.

‘അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികള്‍ ആരംഭിക്കണം. അതിനാല്‍, നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ദേശീയ കൊറോണ വാക്‌സിനേഷന്‍ ഡ്രൈവ് നടക്കുന്നുണ്ടെന്ന് നിരീക്ഷിക്കാനും ഉറപ്പാക്കാനും അഭ്യര്‍ത്ഥിക്കുന്നു,’ – കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

കേന്ദ്രത്തിന് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ ആവശ്യമായ ഡോസ് വാക്‌സിനുകള്‍ ഇല്ലാതിരിക്കുമ്പോഴും സ്വകാര്യ ആശുപത്രികള്‍ക്ക് എങ്ങിനെയാണ് വാക്‌സിന്‍ ലഭിക്കുന്നതെന്ന് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചിരുന്നു. വാക്‌സിന്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ 18മുത്ല്‍44 വരെ വയസ് പ്രായമുള്ളവര്‍ക്കുള്ള കുത്തിവയ്പ്പ് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയ നടപടി ചൂണ്ടികാട്ടിയായിരുന്നു മനീഷ് സിസോദിയയുടെ വിമര്‍ശനം.