ഗുസ്‌തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതകം; സുശീൽ കുമാറിനെ നാല് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു

ന്യൂഡെൽഹി: മുൻ ദേശീയ ജൂനിയർ ഗുസ്‌തി ചാമ്പ്യൻ സാഗർ റാണയെ കൊലപ്പെടുത്തിയെന്ന കേസിൽ ഒളിമ്പ്യൻ സുശീൽ കുമാറിനെ നാല് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു.ഡെൽഹിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

മൊബൈൽ ഫോൺ അടക്കം സുപ്രധാന തെളിവുകൾ കണ്ടെത്തത്താനുണ്ടെന്നും, ഏഴ് ദിവസത്തെ കസ്റ്റഡി കൂടി അനുവദിക്കണമെന്നും ഡെൽഹി പൊലീസ് ആവശ്യപ്പെടുകയായിരുന്നു. കൊലപാതകത്തിൽ പങ്കാളികളായ ഗുണ്ടകളെ പിടികൂടാനുണ്ടെന്നും അറിയിച്ചു. സുശീൽ കുമാറിനെ നേരത്തെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

കേസിൽ നിർണായക ദൃശ്യങ്ങൾ പുറത്തായിരുന്നു. ഒളിമ്പ്യൻ സുശീൽ കുമാറും കൂട്ടാളികളും ആക്രമണം നടത്തുന്നുവെന്ന മട്ടിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മെയ് നാലിന് ഡെൽഹി ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിംഗ് മേഖലയിൽ നടന്ന സംഭവങ്ങളാണ് മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതകത്തിലേക്ക് എത്തിയത്.

കൈയിൽ വടിയുമായി സുശീൽ കുമാർ നിൽക്കുന്ന മട്ടിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മർദ്ദനമേറ്റ് അവശരായ സാഗർ റാണയും സുഹൃത്തുക്കളും നിലത്ത് കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സുശീൽ കുമാറിന്റെ അടുത്ത സുഹൃത്ത് പ്രിൻസ് പകർത്തിയ ദൃശ്യങ്ങളെന്നാണ് റിപ്പോർട്ടുകൾ.