രാജ്യത്ത് ആശ്വാസം ;കൊറോണ കേസുകള്‍ കുറയുന്നു; ആറാഴ്ചക്കിടെ ആദ്യമായി രോഗബാധ രണ്ടു ലക്ഷത്തിൽ താഴെ; മരണനിരക്കിലും കുറവ്

ന്യൂഡെല്‍ഹി: രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണം കുറയുന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 1,86,364 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആറാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 2,59,459 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 3,660 പേരാണ് മരിച്ചത്.

2,75,55,457 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. ഇതില്‍ 2,48,93,410 പര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലമുള്ള ആകെ മരണം 3,18,895 പേരാണ്. നിലവില്‍ 23,43,152 പേരാണ് ചികിത്സയിലുള്ളത്.ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 20,57,20,660 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധമൂലം ഏറ്റവും പ്രതിസന്ധി നേരിട്ട സംസ്ഥാനമായ മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 21,273 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 884 രോഗികളുടെ മരണവും രേഖപ്പെടുത്തി. വൈറസ് ബാധ വീണ്ടുും പടരാതിരിക്കാനും പിന്നീട് ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കുന്നതിനുമായി ലൊക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.

കര്‍ണ്ണാടകയില്‍ പുതുതായി 24,214 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 5,949 കേസുകളും തലസ്ഥാനമായ ബാംഗ്ലൂരില്‍ ആണ്. തമിഴ് നാട്ടില്‍ 33,361 പേര്‍ക്ക് കൊറോണ സ്ഥിരികരിച്ചു. അതേസമയം ഡെല്‍ഹിയില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 1,072 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.