കേന്ദ്രസർക്കാരിന്റെ പുതിയ ഐടി നയം പാലിക്കുമെന്ന് ഗൂഗിൾ; യൂട്യൂബ് അടക്കമുള്ള ഗൂഗിൾ സേവനങ്ങൾക്ക് നയം ബാധകം

ന്യൂഡെൽഹി : കേന്ദ്രസർക്കാരിന്റെ പുതിയ ഐടി നയം പാലിക്കുമെന്ന് ഗൂഗിൾ. ഉള്ളടക്കത്തിന്റെ കാര്യത്തിൽ സർക്കാർ നിർദ്ദേശങ്ങൾ എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവർത്തിക്കൂവെന്നും ഗൂഗിൾ വ്യക്തമാക്കി. ഇതോടെ യൂട്യൂബ് അടക്കമുള്ള ഗൂഗിൾ സേവനങ്ങൾക്ക് നയം ബാധകമാകും.

ഐടി നിയമങ്ങൾക്ക് അനുസരിച്ച് പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും ചില വിഷയങ്ങളിൽ ചർച്ച നടക്കുന്നതായും ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കാൻ ഫെയ്‌സ്ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമും അടക്കം സമൂഹമാധ്യമങ്ങൾക്ക് മൂന്ന് മാസമാണ് അനുവദിച്ചിരുന്നത്.

പുതിയ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഇന്റർമീഡിയറി എന്ന നിലയിലെ പരിരക്ഷയും സ്റ്റാറ്റസും സാമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നഷ്ടമാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍മീഡിയ പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാനുള്ള പുതിയ ഐടി നിയമത്തിനെതിരെ വാട്‌സ്ആപ്പ് കോടതിയെ സമീപിച്ചു. ഇത് ഉപയോക്താക്കള്‍ക്കുള്ള സ്വകാര്യത പരിരക്ഷ ലംഘിക്കാന്‍ നിര്‍ബന്ധിതമാക്കുന്നുവെന്ന് കാണിച്ചാണ് വാട്‌സ്ആപ്പ് പുതിയ ഡെല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

വാട്‌സ്ആപ്പ് നല്‍കുന്ന സേവനത്തില്‍ അയച്ച സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള ചട്ടം ജനങ്ങളുടെ സ്വകാര്യത നയത്തിന്റെ ലംഘനമാണെന്ന് ചൂണ്ടികാണിച്ചാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് കേസ് നല്‍കിയിരിക്കുന്നത്.