ലക്‌നൗ: കൊറോണ പ്രതിരോധ വാക്‌സിൻ കുത്തിവയ്‌പ്പിൽ ആദ്യ ഡോസ് കൊവിഷീൽഡ് ലഭിച്ചവർക്ക് രണ്ടാമത് ലഭിച്ചത് കൊവാക്‌സിൻ. ഉത്തർപ്രദേശിലെ സിദ്ധാർത്ഥ്നഗർ ജില്ലയിലെ ബധ്നി പ്രൈമറി ഹെൽത്ത്കെയർ സെന്ററിലാണ് സംഭവം.
ഇവിടെ ഇരുപതോളം പേർക്കാണ് ആദ്യമെടുത്ത വാക്‌സിൻ ഏതെന്ന് അന്വേഷിക്കാതെ ജീവനക്കാർ കൊവാക്‌സിൻ കുത്തിവച്ചത്. മേയ് 14നായിരുന്നു സംഭവം. വിവരമറിഞ്ഞ ജില്ല ചീഫ് മെഡിക്കൽ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനാണ് തീരുമാനം.
കേന്ദ്ര സർക്കാർ വ്യത്യസ്‌ത വാക്‌സിനുകൾ നൽകണമെന്ന് യാതൊരു മാർഗനിർദ്ദേശവും നൽകിയിട്ടില്ല. ഇത് ഉദ്യോഗസ്ഥർക്ക് സംബന്ധിച്ച പിഴവാണെന്നും സിദ്ധാർത്ഥ് നഗർ ഡി.എം.ഒ സന്ദീപ് ചൗധരി അഭിപ്രായപ്പെട്ടു. എന്നാൽ വാക്‌സിൻ മാറി കുത്തിവയ്‌പ്പെടുത്ത 20 പേർക്കും ആരോഗ്യ നിലയിൽ പ്രശ്‌നമൊന്നുമില്ലെന്നും ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നുമാണ് വിവരം.
ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് ഇവരുടെ ആരോഗ്യനില അന്വേഷിച്ചത്.അതേസമയം ആദ്യ വാക്‌സിൻ ഏപ്രിൽ ഒന്നിന് സ്വീകരിച്ച ശേഷം രണ്ടാം ഡോസ് എടുക്കാൻ മേയ് 14ന് എത്തിയപ്പോൾ ഏത് വാക്‌സിനാണ് ആദ്യം സ്വീകരിച്ചതെന്ന് അന്വേഷിച്ചില്ലെന്നും കൊവിഷീൽഡിന് പകരം കൊവാക്‌സിനാണ് നൽകിയതെന്നും രാം സൂരത് എന്ന വാക്‌സിനെടുത്തയാൾ പറഞ്ഞു. ഇതുവരെ കുഴപ്പമൊന്നുമില്ലെങ്കിലും ഇനി എന്താകുമെന്ന് ഭയമുണ്ടെന്നും രാം സൂരത് ആശങ്ക അറിയിച്ചു.