ഒളിമ്പ്യൻ സുശീൽ കുമാറിനെ റെയിൽവേ സസ്‌പെൻഡ് ചെയ്തു

ന്യൂഡെൽഹി: കൊലപാതകക്കേസിൽ അറസ്റ്റിലായ ഗുസ്‌തി താരം ഒളിമ്പ്യൻ സുശീൽ കുമാറിനെ ജോലിയിൽ നിന്ന് റെയിൽവേ സസ്‌പെൻഡ് ചെയ്തു. ഇനിയൊരു അറിയിപ്പുണ്ടാകും വരെയാണ് സസ്‌പെൻഷൻ. സുശീൽ നോർത്തേൺ റെയിൽവേയിൽ സീനിയർ കമേർഷ്യൽ മാനേജരാണ്. 2015 മുതൽ അഞ്ച് വർഷമായി ഡെൽഹിയിൽ ഡപ്യൂട്ടേഷനിലായിരുന്നു.

മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ കുമാർ കൊല്ലപ്പെട്ട കേസിലാണ് രണ്ട് തവണ ഒളിംപിക് മെഡൽ നേടിയിട്ടുള്ള സുശീൽ കുമാറിനെ ഡെൽഹി പൊലീസ് പ്രതി ചേർത്തത്. ഒളിവിൽ പോയ സുശീലിനെ 19 ദിവസത്തെ തെരച്ചിലിനൊടുവിൽ പഞ്ചാബിൽ നിന്ന് ഡെൽഹി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിൽവെച്ച്‌ സാഗർ കൊല്ലപ്പെട്ടത്.

കേസിൽ ഒളിവിൽ പോയ സുശീൽ കുമാർ ഹരിദ്വാറിലെ ഒരു ആശ്രമത്തിലുണ്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. അറസ്റ്റ് ഒഴിവാക്കാനായി സുശീൽ കുമാർ ‍ഡെൽഹി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു ഒടുവിൽ പഞ്ചാബിൽ നിന്ന് താരം അറസ്റ്റിലായി. ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് താരമിപ്പോൾ.