യാസ് അതിതീവ്ര ചുഴലിക്കാറ്റ് നാളെ തീരം തൊടും ; പശ്ചിമ ബം​ഗാളിലും ഒഡിഷയിലും 11 ലക്ഷത്തിലധികം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

കൊൽക്കത്ത: തീവ്രത പൂണ്ട യാസ് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു. അപകട സാധ്യത മുന്നിൽ കണ്ട് പശ്ചിമ ബം​ഗാളിലും ഒഡിഷയിലും 11 ലക്ഷത്തിലധികം ജനങ്ങളെയാണ് ഒഴിപ്പിച്ചത്. ഒൻപത് ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞുവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി. തീരദേശ ജില്ലകളിലെ രണ്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചുവെന്ന് ഒഡിഷ സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

നാളെ പുലർച്ചെയോടെ ഒഡിഷയിലെ ഭദ്രാക്ക് ജില്ലയിലുള്ള ധർമ പോർട്ടിന് സമീപം ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയൽസംസ്ഥാനമായ ഝാർഖണ്ഡും അതീവ ജാഗ്രതയിലാണ്. അടിയന്തര സാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങൾ അവിടെയും പൂർത്തിയായി.

യാസ് ഇന്ന് വൈകീട്ടോടെ അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ ഡോ. മൃത്യുഞ്ജയ് മഹാപാത്ര വ്യക്തമാക്കി. ചുഴലിക്കാറ്റ് കരതൊടുന്നതിന് ആറ് മണിക്കൂർ മുമ്പും പിമ്പും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കാനാണ് സാധ്യതയുള്ളത്. ചന്ദ്ബാലിയിൽ വൻ നാശനഷ്ടത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒഡിഷയിലെ ഭദ്രാക്ക് ജില്ലയിലെ ധമ്ര, ചന്ദ്ബാലി എന്നീ പ്രദേശങ്ങൾക്ക് മധ്യേയാവും ചുഴലിക്കാറ്റ് കര തൊടുകയെന്ന് ഭുവനേശ്വറിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധൻ ഡോ. ഉമാശങ്കർ ദാസ് പറഞ്ഞു.

രക്ഷാപ്രവർത്തനവും ദുരന്ത നിവാരണ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ 74,000ത്തിലധികം ഓഫീസർമാരെയും ജീവനക്കാരെയുമാണ് വിന്യസിച്ചിട്ടുള്ളതെന്ന് മമത ബാനർജി പറഞ്ഞു. രണ്ട് ലക്ഷത്തിലധികം പൊലീസുകാരും സന്നദ്ധ സംഘാംഗങ്ങളും രംഗത്തുണ്ട്. ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകളും സംസ്ഥാനത്ത് ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കരസേനയുടെ സഹായവും തേടും. ജനങ്ങളെ സുരക്ഷിതമായി പാർപ്പിക്കാൻ 4000 കേന്ദ്രങ്ങളാണ് സർക്കാർ തയ്യാറാക്കിയിട്ടുള്ളതെന്നും അവർ വ്യക്തമാക്കി.

സ്ഥിതിഗതികൾ നിരീക്ഷിക്കാനുള്ള ചുമതല മുതിർന്ന ഐഎഎസ് ഓഫീസർമാർക്കാണ് നൽകിയിട്ടുള്ളത്. മുതിർന്ന ഉദ്യോഗസ്ഥർ ചൊവ്വാഴ്ച രാത്രി മുഴുവൻ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കും. കൊൽക്കത്തയിലും ചുഴലിക്കാറ്റിനെ നേരിടുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഒഡിഷയിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിച്ചിരുന്ന 2.10 ലക്ഷം പേരെയാണ് സൈക്ലോൺ ഷെൽറ്ററുകളിലേക്ക് മാറ്റിയിട്ടുള്ളത്. ബാലസോർ (74,132), ഭദ്രാക് (73,103) ജില്ലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേരെ ഒഴിപ്പിച്ചത്. സംസ്ഥാനത്തിന്റെ വടക്കൻ പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മന്ത്രി ഡിഎസ് മിശ്രയെ മുഖ്യമന്ത്രി നവീൻ പട്‌നായിക്ക് ബാലസോറിലേക്ക് അയച്ചിട്ടുണ്ട്. മൂന്ന് തീരദേശ ജില്ലകൾ അതീവ നാശനഷ്ടത്തിന് സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്ന മേഖലയിലാണ്.

5000 ത്തോളം ഗർഭിണികളായ സ്ത്രീകൾ നിലവിൽ ആശുപത്രികളിൽ ഉള്ള സ്ഥിതിയും അധികൃതർ മുന്നിൽക്കണ്ടിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 52 സംഘങ്ങൾ, ഓഡിഷയിലെ ദ്രുതകർമ്മ സേനയുടെ 60 സംഘങ്ങൾ, അഗ്നിരക്ഷാ സേനയുടെ 205 സംഘങ്ങൾ എന്നിവയെയാണ് രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുള്ളത്.