ധനമന്ത്രി കെ എൻ ബാലഗോപാലിനെ ജിഎസ്ടി കൗൺസിലിന്റെ പുതിയ മന്ത്രിസഭാ ഉപസമിതിയിൽ ഉൾപ്പെടുത്തി

ന്യൂഡെൽഹി: കേരള ധനമന്ത്രി കെ എൻ ബാലഗോപാലിനെ ജിഎസ്ടി കൗൺസിലിന്റെ പുതിയ മന്ത്രിസഭാ ഉപസമിതിയിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം ഉൾപ്പെടുത്തി. ഒഡിഷ ധനകാര്യമന്ത്രി നിരഞ്ജൻ പൂജാരിയാണ് മന്ത്രിസഭാ ഉപസമിതിയുടെ കൺവീനർ. ഡൽഹി, ഹരിയാന ഉപമുഖ്യമന്ത്രിമാരുൾപ്പെടെ ഏഴ് അംഗങ്ങളാണ് മന്ത്രിസഭാ ഉപസമിതിയിലുള്ളത്.

നികുതിദായക ശേഷിക്കനുസൃതമായ നികുതി ചുമത്തലും പ്രത്യേക കോമ്പോസിഷനും വ്യവസ്ഥ പദ്ധതിയും സംബന്ധിച്ച്‌ ജി എസ് ടി കൗൺസിലിന് റിപ്പോർട്ട് നൽകുന്നതിനാണ് ധനകാര്യ മന്ത്രാലയം പ്രത്യേക സമിതിക്ക് രൂപം നൽകിയത്.

പാൻ മസാല, ഗുട്ക, ഇഷ്ടിക കളങ്ങൾ, മണൽ ഖനനം എന്നിവയ്ക്ക് ലെവി ചുമത്തുന്നതിന് നിലവിലെ നിയമത്തിലെ വ്യവസ്ഥകൾ പര്യപ്തമാണോയെന്ന കാര്യം മന്ത്രിസഭാ ഉപസമിതി പരിശോധിക്കും.

നിലവിലെ ജി എസ് ടി ഘടനയെ ലെവി എങ്ങനെ ബാധിക്കുമെന്നതിനെ സംബന്ധിച്ചും സമിതി വിലയിരുത്തും. ഈ മേഖലകളിലെ നികുതി ചോർച്ച തടയുന്നതിനുള്ള ശുപാർശയും സമിതി ജി എസ് ടി കൗസിലിന് കൈമാറും. സമിതി ആറ് മാസത്തിനുള്ളിൽ ജി എസ് ടി കൗൺസിലിന് റിപ്പോർട്ട് നൽകണമെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം പുറപ്പടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.