സിബിഐ ഡയറക്ടര്‍ നിയമനം; ചീഫ് ജസ്റ്റീസിൻ്റെ കർശന നിലപാട്; ബഹ്‌റയടക്കമുള്ളവർക്ക് പദവി നഷ്ടമായി

ന്യൂഡെല്‍ഹി: സിബിഐ ഡയറക്ടര്‍ നിയമനത്തില്‍ സുപ്രീം കോടതി ചീഫ് ജസ്സ്റ്റീസ് എന്‍ വി രമണ കര്‍ശന നിലപാട് സ്വീകരിച്ചതായി റിപ്പോര്‍ട്ട്. വിരമിക്കാന്‍ ആറ് മാസത്തിലധികം കാലാവധിയുള്ളവരെ മാത്രം ഡയ്‌റക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കാവൂ എന്ന സുപ്രീം കോടതി വിധിയില്‍ ജസറ്റീസ് രമണ ഉറച്ച് നിന്നതായി ആണ് റിപ്പോര്‍ട്ടുകള്‍. ഇത് കേരളത്തിന്റെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ള ചില ഉദ്യോഗസ്ഥര്‍ക്ക് ഡയറക്ടര്‍ പദവി നഷ്ടമാക്കിയെന്നും വിലയിരുത്തപ്പെടുന്നു.

പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ളവരുടെ ചുരുക്ക പട്ടിക പരിഗണിക്കുന്നത്. എന്നാല്‍ ഇന്നലെ വൈകിട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് ജസ്റ്റീസ് രമണ നപടി ക്രമങ്ങള്‍ കൃത്യമായി പാലിക്കണെന്ന നിലപാടില്‍ ഉറച്ച് നില്ക്കുകയായിരുന്നു.

ഇതോടെ കേരള പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റടുടെ പേര് പട്ടികയില്‍ നിന്ന് ഒഴിവായി. മഹാരാഷ്ട്ര ഡിജിപി സുബോദ് കുമാര്‍, എസ്എസ്ബി ഡയറക്ടര്‍ ജനറല്‍ കെ ആര്‍ ചന്ദ്ര, ആഭ്യന്തര സുരക്ഷ സ്‌പെഷല്‍ സെക്രട്ടറി വി എസ് കെ കൗമുദി എന്നിവരുടെ പേരുകളാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

അതേസമയം, ലോക്സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ചുരുക്കപ്പട്ടിക തയ്യാറാക്കിയതില്‍ വിയോജനക്കുറിപ്പ് നല്‍കിയെന്നും റിപ്പോര്‍ട്ട് ഉണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ആര്‍ കെ ശുക്ല വിരമിച്ച ഒഴിവിലേക്കാണ് ഇപ്പോള്‍ നിയമനം നടത്തുന്നത്.

അഡീഷണല്‍ ഡയറക്ടര്‍ പ്രവീണം സിന്‍ഹയാണ് നിലവില്‍ ഡയറക്ടറുടെ ചുമതല വഹിക്കുന്നത്.ഉന്നതതല സമിതി തയ്യാറാക്കിയ മൂന്നംഗ പട്ടികയില്‍നിന്ന് പുതിയ സി.ബി.ഐ. ഡയറക്ടറെ കേന്ദ്ര സര്‍ക്കാറിന്റെ നിയമന സമിതി ഉടന്‍ തിരഞ്ഞെടുക്കും.