ബംഗളൂരു: വിഷം കഴിച്ചു ചത്ത പട്ടിയുടെ മാംസം ഭക്ഷിച്ചതാകാം മൈസൂരു ബാലെവാടിയിൽ മൂന്ന് പുലികൾ ചത്തതിന് കാരണമെന്ന് സൂചന. നാലോ അഞ്ചോ വയസ്സുള്ള തള്ളപ്പുലിയും എട്ടുമാസത്തോളം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളുമാണ് ചത്തത്. സമീപത്തെ മാവിൻതോട്ടത്തിൽനിന്ന് വിഷം കലർത്തിയ ഭക്ഷണവും പാതി ആഹരിക്കപ്പെട്ട പട്ടിയെയും കണ്ടെത്തി.
അയൽപക്കത്തെ പട്ടിയെ കൊലപ്പെടുത്താൻ ഗ്രാമവാസികളിലാരോ വിഷം വച്ചതാണ് മൂന്ന് പുലികളുടെ ജീവനും അപഹരിക്കാനിടയായതെന്നാണ് വിവരം. സംഭവത്തിൽ ദുരൂഹമരണത്തിന് കേസെടുത്ത വനം വകുപ്പ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം വന്യജീവി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തേക്കും.
മൈസൂരു മൃഗശാലയിലെ വെറ്ററിനറി ഡോക്ടർമാരായ രാജശേഖർ, പ്രവീൺ എന്നിവർ പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകി. നഗരത്തിൻ്റെ പ്രാന്തപ്രദേശമായ ബലെവാടിയിൽ ശനിയാഴ്ച രാവിലെയാണ് ദുരൂഹ സാഹചര്യത്തിൽ മൂന്നുപുലികളെ ചത്തനിലയിൽ കണ്ടെത്തിയത്.
പ്രദേശവാസികൾ വിവരമറിയിച്ചതനുസരിച്ചാണ് മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചത്. കഴിഞ്ഞ മൂന്നുമാസമായി ഗ്രാമത്തിൽ പുലി ശല്യമുണ്ടെന്നും വളർത്തുനായ്ക്കളെയും കന്നുകാലികളെയും കൊന്നുതിന്നുന്നതായും പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു.