ന്യൂഡെൽഹി: കൊറോണ മഹാമാരിക്കാലത്ത് കുംഭമേളയും ചാർധാം യാത്രയും നടത്താൻ അനുമതി നൽകിയ ഉത്തരാഖണ്ഡ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഒരു കോടിയോളം പേരാണ്, ആഴ്ചകളുടെ ഇടവേളയിൽ കുംഭമേള നടക്കുന്ന ഇടങ്ങളിൽ വന്ന് പോയത്. ”കേദാർനാഥിലെയും ബദ്രീനാഥിലെയും ക്ഷേത്രത്തിലെ പൂജാരികൾ സാമൂഹിക അകലം പോലും പാലിക്കാതെ നിൽക്കുന്ന വീഡിയോകൾ ഞങ്ങൾ കണ്ടു. പൂജയ്ക്കായി 23 പൂജാരികളെ ക്ഷേത്രത്തിൽ അടുത്തടുത്ത് നിർത്തുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കാൻ അവിടെ സംസ്ഥാനസർക്കാർ ആരെയാണ് നിയോഗിച്ചിരുന്നത്?”, ചീഫ് ജസ്റ്റിസ് രാഘവേന്ദ്ര ചൗഹാൻ ചോദിച്ചു.
കൗടില്യന്റെ അർത്ഥശാസ്ത്രത്തിലെ വരികൾ ചൂണ്ടിക്കാട്ടി, നിങ്ങൾക്ക് കോടതിയെ കബളിപ്പിക്കാനായേക്കാം, എന്നാൽ ജനങ്ങളെ കളിപ്പിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. കൊറോണ ആദ്യരണ്ട് തരംഗങ്ങളും, മൂന്നാംതരംഗത്തിനുള്ള സാധ്യതയും നിലനിൽക്കവേ, ബ്ലാക്ക് ഫംഗസ് പോലുള്ള രോഗങ്ങൾ വ്യാപകമാകവേ, ജനങ്ങൾക്ക് മുന്നിൽ സംസ്ഥാനസർക്കാരിനെപ്പോലെ, ജുഡീഷ്യറിയും ഉത്തരവാദികളായി നിൽക്കേണ്ടി വരികയാണെന്നും കോടതി പറയുന്നു.
ഉത്തരാഖണ്ഡ് സർക്കാർ കൊറോണ ചട്ടങ്ങളെക്കുറിച്ച് ഒരു ബോധവുമില്ലാത്തതുപോലെയാണ് പെരുമാറിയതെന്നും ഹൈക്കോടതി വിമർശിച്ചു. എല്ലാറ്റിനും അനുമതി നൽകിയിട്ട് ഒടുവിൽ ഇപ്പോഴെന്ത് സംഭവിച്ചുവെന്ന് പോയി നോക്കാനും ഹൈക്കോടതി സർക്കാരിനോട് പറഞ്ഞു.
ചീഫ് ജസ്റ്റിസ് രാഘവേന്ദ്ര ചൗഹാൻ, ജസ്റ്റിസ് അലോക് വർമ എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ബദ്രീനാഥിലെയും കേദാർനാഥിലെയും പൂജാരികൾ സാമാന്യം പാലിക്കേണ്ട സാമൂഹിക അകലം പോലും പാലിക്കാതെയാണ് നിന്നിരുന്നതെന്ന് കോടതി വിമർശിക്കുന്നു. ക്ഷേത്രങ്ങളിലും ആഘോഷങ്ങളിലും കൊറോണ പ്രോട്ടോക്കോൾ പാലിക്കണമെന്ന ചട്ടം കർശനമായി നടപ്പാക്കാഞ്ഞത് സംസ്ഥാനസർക്കാരിന്റെ വീഴ്ച തന്നെയാണെന്ന് കോടതി വിലയിരുത്തി.
ഉത്തരാഖണ്ഡ് സംസ്ഥാനത്തിന് തന്നെ പേരുദോഷമുണ്ടാക്കുന്നതാണ് ഇത്തരം ദൃശ്യങ്ങളെന്നും ജസ്റ്റിസ് രാഘവേന്ദ്ര ചൗഹാൻ പറയുന്നു. ചാർ ധാം യാത്രയ്ക്ക് കൃത്യമായ ചട്ടങ്ങളുണ്ടാക്കിയെങ്കിലും അത് നടപ്പാക്കാൻ ശ്രമിക്കാതിരുന്നത് സംസ്ഥാനസർക്കാരിന്റെ വീഴ്ചയാണെന്നും ജസ്റ്റിസ് ചൗഹാൻ പറയുന്നു. ഒരിടത്ത് ചട്ടങ്ങളുണ്ടാക്കി കടലാസിൽ വച്ചാൽപ്പോരാ, അത് നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും വേണമെന്ന് കോടതി നിർദ്ദേശിച്ചു.
”ആദ്യം നിങ്ങൾ കുംഭമേള നടത്തി. ഇപ്പോഴിതാ ചാർ ധാം യാത്രയും. ഒരു ഹെലികോപ്റ്ററെടുത്ത്, ചാർധാമിലും കേദാർനാഥിലും ബദരീനാഥിലും പോയി നോക്കൂ. എന്നിട്ടെന്താണ് സംഭവിക്കുന്നതെന്ന് നേരിട്ടൊന്നു കാണൂ”, എന്ന് സർക്കാർ കോൺസലിനോട് കോടതി പറഞ്ഞു. ചട്ടം കർശനമായി നടപ്പാക്കാഞ്ഞത് സംസ്ഥാനസർക്കാരിന്റെ വീഴ്ച തന്നെയാണെന്ന് കോടതി വിലയിരുത്തി.