കൊൽക്കോത്ത: നാരദ ഒളികാമറ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത നാല് തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം നൽകുന്നതിനെ ചൊല്ലി ജഡ്ജിമാർക്കിടയിൽ ഭിന്നത. ഇവരുടെ ഇടയിലെ ഭിന്നതയെ തുടർന്ന് കേസ് വിപുല ബെഞ്ചിന് വിട്ടു. അതുവരേക്കും അവരെ വീട്ടുതടങ്കലിൽ വെക്കാൻ കൊൽക്കത്ത ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
അറസ്റ്റിലായവർക്കെല്ലാം വൈദ്യസഹായം ലഭ്യമാക്കാനും രണ്ട് തൃണമൂൽ മന്ത്രിമാർക്ക് ഔദ്യോഗിക ഫയലുകൾ കാണാനും വിഡിയോ കോൺഫറൻസിലൂടെ ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ നടത്താനും ഹൈകോടതി അനുമതി നൽകി. ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സി.ബി.ഐ ആവശ്യം ഹൈകോടതി തള്ളുകയും ചെയ്തു.
നാല് നേതാക്കൾക്കും ജാമ്യം അനുവദിച്ച് ജസ്റ്റിസ് അരിജിത് ബാനർജി ഉത്തരവിട്ടതിന് ശേഷമാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിണ്ടൽ അവരെ വീട്ടുതടങ്കലിലാക്കി ഉത്തരവിട്ടത്. തുടർന്ന് ഇരുവരും ജാമ്യാപേക്ഷ വിപുല ബെഞ്ചിന് വിട്ടു. കേസ് കേൾക്കുന്നതുവരെ ജാമ്യത്തിലിറങ്ങാൻ അനുവദിക്കണമെന്ന തൃണമൂൽ നേതാക്കളുടെ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല.