ഇന്ത്യൻ അത്‌ലറ്റിക് ഇതിഹാസം മിൽഖാ സിംഗിന് കൊറോണ സ്ഥിരീകരിച്ചു

ന്യൂഡെൽഹി: ഇന്ത്യൻ അത്‌ലറ്റിക് ഇതിഹാസം മിൽഖാ സിംഗിന് കൊറോണ സ്ഥിരീകരിച്ചു. ‘പറക്കും സിഖ്’ എന്ന് അറിയപ്പെടുന്ന താരം ചണ്ഡീഗഢിലെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ്. 91കാരനായ മിൽഖാ സിംഗിൻ്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഭാര്യ നിർമൽ കൗർ ഇന്ത്യ ടുഡേയോട് പറഞ്ഞു.

വീട്ടിലെ സഹായികളിൽ ഒരാൾക്ക് കൊറോണ ബാധിച്ചതോടെ മിൽഖാ സിംഗ് ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ പരിശോധനയ്‌ക്ക് വിധേയരാവുകയായിരുന്നു.

മിൽഖാ സിംഗ് രാജ്യം കണ്ട ഏറ്റവും മികച്ച അത്‌ലറ്റാണ്. നാല് തവണ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ മിൽഖാ സിംഗ് 1960ലെ റോം ഒളിംപിക്‌സിൽ 400 മീറ്റർ ഓട്ടത്തിൽ നാലാം സ്ഥാനത്തെത്തി. വെറും 0.1 സെക്കൻഡ് വ്യത്യാസത്തിലാണ് മെഡൽ നഷ്‌ടമായത്. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ അത്‌ലറ്റുമാണ് (1958ൽ). അതേവർഷം രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചു.