ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പരിഗണിക്കണമെന്ന് ഹൈക്കോടതി

ന്യൂഡെൽഹി: ഓക്‌സിജന്‍ ക്ഷാമം മൂലം മരണമടഞ്ഞ രോഗികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് ഡെൽഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോടും ഡല്‍ഹി സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. എന്നാൽ ഇത് സർക്കാരിന്റെ നയപരമായ തീരുമാനമായതിനാല്‍ കോടതികള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നും ഡെല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു.

കൊറോണ രണ്ടാം തരംഗത്തില്‍ഓക്‌സിജന്‍ ക്ഷാമം മൂലം മരണമടഞ്ഞവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നയം രൂപീകരിക്കാന്‍ കഴിയുമോയെന്ന് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ഹൈക്കോടതി ചോദിച്ചു. എന്നാല്‍ കോടതി സര്‍ക്കാരുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടില്ല.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,106 പേർ കൊറോണ ബാധിച്ച് മരിച്ചു. പ്രതിദിന കൊറോണ കേസുകൾ മൂന്ന് ലക്ഷത്തിന് താഴെയായി കുറഞ്ഞു. 2,81,386 പേർക്കാണ് 24 മണിക്കൂറിനിടെ കൊറോണ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.88 ശതമാനമാണ്.