ഡെറാഡൂൺ: കൊറോണ ബാധിച്ച് 65 രോഗികൾ മരിച്ചത് മറച്ചുവച്ച ഹരിദ്വാറിലെ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം. മാനദണ്ഡങ്ങൾ ലംഘിച്ച് 65 കൊറോണ മരണം രണ്ടാഴ്ചയോളം അധികൃതരിൽനിന്ന് മറച്ചുപിടിക്കുകയായിരുന്നു ആശുപത്രി അധികൃതർ.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രിയും സർക്കാർ വക്താവുമായ സുബോധ് ഉനിയാൽ പറഞ്ഞു.
ഏപ്രിൽ 25നും മേയ് 12നും ഇടയിൽ 65 കൊറോണ രോഗികളാണ് ബാബ ബർഫാനി ആശുപത്രിയിൽ മരിച്ചത്. എന്നാൽ മരണസംഖ്യ സംസ്ഥാന കൊറോണ കൺട്രോൾ റൂമിൽ അറിയിക്കാൻ ആശുപത്രി അധികൃതർ തയാറായില്ല. ആശുപത്രി മാനേജ്മെന്റിനെതിരെ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് സത്യം പുറത്തുവന്നതെന്നും കൺട്രോൾ റൂം അധികൃതർ അറിയിച്ചു.
ജീവനക്കാരുടെ ക്ഷാമമുള്ളതിനാൽ കൃത്യസമയത്ത് വിവരം അറിയിക്കാൻ സാധിച്ചില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം. ആശുപത്രിയിൽ കൊറോണ മരണമുണ്ടായാൽ 24 മണിക്കൂറിനകം അധികൃതർ കൺട്രോൾ റൂമിൽ അറിയിക്കണമെന്നാണ് ഉത്തരവ്. എന്നാൽ ആശുപത്രി ഇത് പാലിക്കാൻ തയാറായില്ലെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ അഭിഷേക് ത്രിപാദി പറഞ്ഞു.