സ്‌പുട്‌നിക്ക് വാക്‌സിൻ ആദ്യ ഡോസുകൾ നൽകിത്തുടങ്ങി

ഹൈദരാബാദ്: രാജ്യത്തെ അംഗീകാരം ലഭിച്ച മൂന്നാമത് വാക്‌സിനായ സ്‌പുട്‌നിക്ക് 5 നൽകിത്തുടങ്ങി. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ഇവ നൽകിയത്. തെലങ്കാനയും ആന്ധ്രാ പ്രദേശും ഉൾപ്പടെ ഒൻപതോളം സംസ്ഥാനങ്ങൾ തങ്ങളെ വാക്‌സിൻ വാങ്ങാൻ സമീപിച്ചതായി വാക്‌സിന്റെ ഇന്ത്യയിലെ നിർമ്മാതാക്കളായ ഡോ.റെഡ്‌ഡീസ് അറിയിച്ചു.

നിലവിൽ ഇറക്കുമതി ചെയ്യുന്ന വാക്‌സിന്റെ വില 948 ആണ്. 5 ശതമാനം നികുതി ചേ‌ർത്ത് 995.40 രൂപയാണ് വാക്‌സിന്റെ മൊത്ത വില. എന്നാൽ വൈകാതെ രാജ്യത്ത് തന്നെ ഉൽപാദനം തുടങ്ങുമ്ബോൾ വില കുറയുമെന്ന് ഡോ. റെഡ്‌ഡീസ് ലാബ് അറിയിച്ചു.

നിലവിൽ രാജ്യത്തെ കൊറോണ സ്ഥിതി ആശങ്കാജനകമാണ്. 4100 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച്‌ മരിച്ചത്. എന്നാൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. 2.82 ലക്ഷം പേർക്കാണ് ഒരു ദിവസം രോഗം സ്ഥിരീകരിച്ചത്. മുൻപ് ഇത് മൂന്ന് ലക്ഷത്തിന് മുകളിലായിരുന്നു