ഗം​ഗാ തീരത്ത് ഹ്യദയഭേദക കാഴ്ചകൾ വീണ്ടും; മണ്ണിൽ കുഴിച്ചിട്ട നിലയിൽ അഞ്ഞൂറോളം മൃതദേഹ​ങ്ങൾ

ലഖ്‌നൗ: ഗംഗാ തീരത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത ഹൃദയഭേദകമായ കാഴ്ചകൾ വീണ്ടും. പ്രയാഗ്‌രാജിൽ ​ഗം​ഗാ തീരത്ത് മണലിൽ കുഴിച്ചിട്ട നിലയിൽ നിരവധി മൃതദേഹ​ങ്ങൾ കണ്ടെത്തി. 400 നും 500നും ഇടയിൽ മൃത​ദേഹങ്ങളാണ് ഇത്തരത്തിൽ കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ കൊറോണ ഭീതിയുടെ ആശങ്കയിലായി. നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നതിന്റെ ഞെട്ടൽ വിട്ടുമാറും മുമ്പാണിതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

പ്രയാഗ്‌രാജില്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കൊറോണ ബാധിച്ച് മരിച്ചവരുടേതാണോ എന്നകാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കൊറോണ രണ്ടാം തരംഗം ഉണ്ടായതിന് പിന്നാലെയാണ് മൃതദേഹങ്ങള്‍ ഇത്രയധികം കണ്ടു തുടങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി പലരും ഇവിടെയെത്തി മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിടുന്നുണ്ടെന്ന് നാട്ടുകാരനായ ദിന യാദവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ത്രിവേണി സംഗമത്തിനടുത്തു പോലും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ശക്തമായ കാറ്റില്‍ മണല്‍ നീങ്ങുന്നതോടെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ പലതും പുറത്തുവരുന്നു. നായകളും പക്ഷികളും മൃതദേഹാവശിഷ്ടങ്ങള്‍ കടിച്ചുവലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അധികൃതര്‍ ഇടപെടണമെന്നും മൃതദേഹങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ദിന യാദവ് പറഞ്ഞു.

മൃതദേഹങ്ങള്‍ ശരിയായി സംസ്‌കരിക്കാത്തത് സ്ഥിതിഗതികള്‍ ഇനിയും മോശമാക്കുമെന്നും രോഗബാധ വര്‍ധിപ്പിക്കുമെന്നും നാട്ടുകാർ പറയുന്നു. പലര്‍ക്കും ബന്ധുക്കളുടെ മൃതദേഹം ശരിയായി സംസ്‌കരിക്കുന്നതിനുള്ള സാമ്പത്തിക ശേഷിയില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുകതന്നെ വേണമെന്നാണ് ഇവരുടെ അഭിപ്രായം.

സംഭവത്തെപ്പറ്റി പ്രതികരിക്കാന്‍ ജില്ലാ അധികൃതര്‍ തയ്യാറായില്ലെന്ന് വാര്‍ത്താ ഏജന്‍സി പറയുന്നു. ഗംഗയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നതിലും കടുത്ത ആശങ്കയിലാണ് നാട്ടുകാർ. അഴുകിയ മൃതദേഹങ്ങളുടെ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ഭക്തര്‍ പലരും ഗംഗയില്‍ സ്‌നാനം ചെയ്യുന്നത് നിര്‍ത്തിയെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലുണ്ട്.

400 മുതല്‍ 500 വരെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ ഗംഗാ തീരത്തെ മണലില്‍ സംസ്‌കരിച്ചിട്ടുണ്ടെന്ന് കൻവര്‍ജീത് തിവാര്‍ എന്നയാൾ പറഞ്ഞു. നിരവധിപേര്‍ സ്‌നാനം ചെയ്യാന്‍ വന്നിരുന്ന സ്ഥലമാണിത്. എന്നാല്‍ ഇപ്പോള്‍ ഇവിടേക്ക് വരാന്‍ ജനങ്ങള്‍ മടിക്കുന്നു. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ ഇടപെടണമെന്ന് കൻവർജീതും ആവശ്യപ്പെട്ടു.

യുപിയിലെ ഉന്നാവ് ജില്ലയിലും ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ നിരവധി മൃതദേഹങ്ങളാണ് കണ്ടെത്തിയത്.