ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയ്ക്ക് ജാമ്യം നല്‍കിയതിനെ ചോദ്യം ചെയ്ത് സിബിഐയെ സമീപിച്ച എംപി അറസ്റ്റിൽ

ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയ്ക്ക് ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് സി.ബി.ഐയെ സമീപിച്ച എം പിയെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവായ നര്‍സപുരം എം പി കനുമുരി രഘുരാമ കൃഷ്ണം രാജുവിനെയാണ് രാജ്യദ്രോഹക്കുറ്റത്തിന് ആന്ധ്രാപ്രദേശ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് (സിഐഡി) അറസ്റ്റ് ചെയ്തത്.

ജഗന്‍മോഹന്‍ റെഡ്ഡിയ്ക്ക് ജാമ്യം നല്‍കിയതിനെ ചോദ്യം ചെയ്ത് സി.ബി.ഐയെ സമീപിച്ചതിന് പിന്നാലെയാണ് രഘുരാമയുടെ അറസ്റ്റ്. സംസ്ഥാന സര്‍ക്കാരിന്റെ അന്തസ്സിന് കളങ്കം വരുത്തിയെന്ന് ആരോപിച്ചാണ് രാജുവിനെ ഹൈദരാബാദിലുള്ള വസതിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

രഘുരാമക്കെതിരെ 124 എ (രാജ്യദ്രോഹം), 153 എ (വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക), 505 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശ് സര്‍ക്കാരിനെതിരായ വിരോധം പടര്‍ത്തിയെന്നും ചില സമുദായങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയെന്നുമുള്ള പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രഘുരാമയെ അറസ്റ്റ് ചെയ്തതെന്നാണ് സംസ്ഥാന പൊലീസ് നല്‍കിയ വിശദീകരണം.