ന്യൂഡെൽഹി: കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടെ വാക്സീൻ പ്രതിസന്ധിക്ക് ഈ മാസത്തോടെ പരിഹാരമാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവരേയും ഡിസംബറോടെ വാക്സിനേറ്റ് ചെയ്യാനാകും. വരും മാസങ്ങളിൽ സ്പുട്നിക്, കൊവാക്സിൻ,കൊവിഷീൽഡ് വാക്സീനുകളുടെ കൂടുതൽ ഡോസുകൾ ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ വാക്സീൻ വിതരണം കേന്ദ്ര ആരോഗ്യ മന്ത്രി വിലയിരുത്തും. സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി ഡോ.ഹർഷ വർധൻ കൊറോണ സാഹചര്യവും ചർച്ച ചെയ്യും. സ്പുട്നിക് വാക്സീൻ അടുത്തയാഴ്ച വിതരണത്തിനെത്തും.
പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കൊറോണ മരുന്നും ഉടൻ എത്തും. 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ഡിആർഡിഒ അറിയിച്ചു. പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ ലയിപ്പിച്ച് കഴിക്കാം.
അതേസമയം രാജ്യത്തെ കൊറോണ രോഗികളുടെ പ്രതിദിന എണ്ണം വീണ്ടും നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,03,738 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് വിവരം. ഈ സമയത്തിനുള്ളിൽ 4092 പേർ കൊറോണ മൂലം മരിച്ചു.
കൊറോണ വ്യാപനത്തിൽ നേരിയ കുറവുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയായി തുടരുകയാണ്. രണ്ടാം തരംഗത്തിൻ്റെ വെല്ലുവിളി ഏതാനും ആഴ്ചകൾ കൂടി തുടരുമെന്നാണ് വിലയിരുത്തൽ.