കൊറോണ ബാധിച്ച് മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം; അരവിന്ദ് കെജ്‌രിവാൾ

ന്യൂഡെൽഹി: കൊറോണ ബാധയെ തുടർന്ന് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യസം നൽകുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.

ഇവരുടെ മുഴുവൻ ഉത്തരവാദിത്തവും സർക്കാർ ഏറ്റെടുക്കും. സംസ്ഥാനത്തെ കൊറോണ സ്ഥിതിഗതികൾ വിശദീകരിക്കുന്നതിനായി ചേർന്ന വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 8,500 കൊറോണ കേസുകളാണ് ഡെൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 10 ന് ശേഷം ഇതാദ്യമായാണ് ഡൽഹിയിൽ പ്രതിദിന കൊറോണ കണക്ക് 10,000 താഴെ റിപ്പോർട്ട് ചെയ്യുന്നത്. 35 ശതമാനത്തിലായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനത്തിലെത്തിയിട്ടുണ്ട്.

കൊറോണ രണ്ടാം തരംഗത്തെ അതിജീവിച്ച് വരുകയാണെന്നും എന്നാൽ യുദ്ധം തുടരുകയാണെന്നും കെജരിവാൾ വ്യക്തമാക്കി. വൈറസിനെ പൂർണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഏർപ്പെടുത്തിയിരിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറോണ രോഗബാധയെ തുടർന്ന് അനാഥരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും സാമ്പത്തിക സഹായവും നൽകുമെന്ന് വ്യക്തമാക്കി മധ്യപ്രദേശ് ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളും രംഗത്തെത്തിയിരുന്നു.