കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് ബിജെപി എംഎൽഎമാർ രാജിവച്ചു. ഇതോടെ സംസ്ഥാന നിയമസഭയിൽ ബിജെപി അംഗബലം 75 ആയി ചുരുങ്ങി. ലോക്സഭാ എംപിമാർ കൂടിയായ നിഷിത് പ്രമാണിക്, ജഗനാഥ് സർക്കാർ എന്നിവരാണ് രാജിവച്ചത്.
എംപി സ്ഥാനം നിലർത്താനാണ് ഇവർ പാർട്ടിയുടെ നിർദേശപ്രകാരം രാജിവച്ചത്. ബുധനാഴ്ച വൈകുന്നേരം ഇരുവരും സ്പീക്കർക്ക് രാജിക്കത്ത് കൈമാറി. നിഷിത് പ്രമാണിക്കും ജഗനാഥ് സർക്കാറും ഉൾപ്പെടെ ബിജെപിയുടെ അഞ്ച് എംപിമാരാണ് നിയമസഭയിലേക്ക് മത്സരിച്ചത്.
ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷച്ചതായിരുന്നില്ലെന്ന് ജഗനാഥ് സർക്കാർ പറഞ്ഞു. ബിജെപി സർക്കാർ രൂപീകരിച്ചിരുന്നെങ്കിൽ തങ്ങൾക്ക് സുപ്രധാന പങ്കുണ്ടാവുമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, അതിനാൽ തങ്ങൾ എംപിമാരായി തുടരണമെന്ന് പാർട്ടി അറിയിച്ചു. അതിനാലാണ് രാജിയെന്ന് ജഗനാഥ് സർക്കാർ കൂട്ടിച്ചേർത്തു.