സിബിഐ ഡയറക്ടറെ മെയ് 24ന് തെരഞ്ഞെടുക്കും; ബെഹ്‌റയും പരിഗണനാ പട്ടികയിൽ

ന്യൂഡെൽഹി: പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാൻ മെയ് 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ചീഫ് ജസ്റ്റിസ് എൻ വി രമണ, ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഡിജിപി ലോക്നാഥ് ബെഹ്‌റ ഉൾപ്പടെ സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പേരുകൾ സമിതി അംഗങ്ങൾക്ക് സർക്കാർ കൈമാറി.

സിബിഐ താത്കാലിക ഡയറക്ടർ പ്രവീൺ സിൻഹ, ബി എസ് എഫ് മേധാവി രാകേഷ് അസ്താന, എൻ ഐ എ മേധാവി വൈ സി മോദി, സി ഐ എസ് എഫ് മേധാവി സുബോധ് കാന്ത് ജയ്‌സ്വാൾ, ഐ ടി ബി പി മേധാവി എസ് എസ് ദേസ്വാൾ, ഉത്തർപ്രദേശ് ഡി ജി പി ഹിതേഷ് ചന്ദ്ര അവാസ്ഥി എന്നിവരാണ് പരിഗണന പട്ടികയിൽ ഉള്ള മറ്റ് പ്രമുഖ ഐ പി എസ് ഉദ്യോഗസ്ഥർ.

1985 ബാച്ച്‌ കേരള കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ലോക്നാഥ് ബെഹ്റ. ആലപ്പുഴ എ.എസ്.പി യയാണ് ആദ്യ നിയമനം. തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ആയും കൊച്ചി പൊലീസ് കമ്മിഷണർ, പൊലീസ് ആസ്ഥാനത്ത് ഐ.ജി., എ.ഡി.ജി.പി നവീകരണം, വിജിലൻസ് ഡയറക്ടർ എന്നീ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എൻ.ഐ.എ, സി.ബി.ഐ. എന്നിവിടങ്ങളിൽ ദീർഘകാലം സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.