നൂറ്റി പത്താം വയസിൽ കൊറോണ രോഗമുക്തി നേടി രാമനന്ദ തീർത്ഥ

ഹൈദരാബാദ് : കൊറോണയുടെ രണ്ടാം തരംഗത്തിൽ അനേകർ മരിക്കുമ്പോൾ വൈറസിൻ്റെ മേൽ വിജയം നേടി നൂറ്റിപ്പത്തുകാരൻ ഹൈദരാബാദ് സ്വദേശി രാമനന്ദ തീർത്ഥ. രോഗ ബാധയെ തുടർന്ന് ഗാന്ധി സർക്കാർ ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്.

രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പ്രായമുള്ള രോഗികളിൽ ഒരാളാണ് തീർത്ഥ. കൊറോണയുടെ പ്രാരംഭ ലക്ഷണം പ്രകടമായതിനെ തുടർന്ന് ഏപ്രിൽ 24 നാണ് തീർത്ഥയെ പരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധനയിൽ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീർത്ഥയുടെ രോഗമുക്തി അത്ഭുതപ്പെടുത്തുന്നതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹം പൂർണ ആരോഗ്യവാനാണ്. നിലവിൽ ജനറൽ വാർഡിൽ നിരീക്ഷണത്തിലാണ് അദ്ദേഹം. രണ്ട് ദിവസത്തിനകം ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.