രോഗവ്യാപനം പിടിച്ചുകെട്ടാൻ ഡെല്‍ഹിയില്‍ ലോക്ഡൗണ്‍ തുടരും; ജമ്മുകാശ്മീരിലും യുപിയിലും കര്‍ഫ്യൂ മെയ് 17 വരെ നീട്ടി

ന്യൂഡെൽഹി : വര്‍ദ്ധിച്ചുവരുന്ന കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗവ്യാപനം നിയന്ത്രിക്കാൻ ഡെല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. മെയ് 17 വരെ ലോക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

കൊറോണയ്ക്ക് എതിരായ ജാഗ്രത ഉറപ്പിക്കുന്നത് വരെ ലോക്ഡൗണ്‍ തുടരുമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. മെട്രോ സര്‍വ്വീസുകള്‍ നിര്‍ത്തി വയ്ക്കുന്നതായും അദ്ദേഹം അറിയിച്ചു. നിലവിലെ ലോക്ഡൗണ്‍ മെയ് പത്തിന് അവസാനിക്കാനിരിക്കെയാണ് ലോക്ഡൗണ്‍ നീട്ടിയത്.

ഉത്തര്‍പ്രദേശ, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളിലും കര്‍ഫ്യൂ മെയ് 17 വരെ നീട്ടാന്‍ തീരുമാനിച്ചു. ഏപ്രില്‍ 29 മുതലാണ് ഉത്തര്‍ പ്രദേശില്‍ ഭാഗികമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ഇത് നാളെ അവസാനിക്കാനിരിക്കെയാണ് കര്‍ഫ്യൂ നീട്ടികൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്. നിലവിലുണ്ടായിരുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്ന് പോകുമെന്നും യുപി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

യുപിയില്‍ നാളെ മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി കൊറോണ വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.

കൊറോണ കേസുകളിലെ ആശങ്കാജനകമായ വര്‍ദ്ധനവ് കണക്കിലെടുത്ത് ജമ്മു കശ്മീര്‍ ഭരണകൂടവും 20 ജില്ലകളിലും ഒരാഴ്ചത്തേക്ക് കര്‍ഫ്യൂ നീട്ടി. അവശ്യ സേവനങ്ങള്‍ക്ക് ഒഴികെ കര്‍ഫ്യൂ കര്‍ശനമാക്കും. വിവാഹങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 25 ആയി ക്രമീകരിക്കുകയും ചെയതു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ജമ്മു കശ്മീരില്‍ അയ്യായിരത്തോളം പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു.