ആയിരക്കണക്കിന് റെംഡിസീവിർ ഇഞ്ചക്ഷൻ കനാലിൽ തള്ളിയ നിലയിൽ

അമൃത്സർ: പഞ്ചാബിൽ മരുന്ന് ക്ഷാമം അനുഭവപ്പെടുന്നതിനിടെ ആന്റിവൈറൽ മരുന്നായ റെംഡിസീവിറിന്റെ ആയിരക്കണക്കിന് ഇഞ്ചക്ഷൻ കനാലിൽ തള്ളിയ നിലയിൽ കണ്ടെത്തി. നെഞ്ചിലെ അണുബാധയ്ക്ക് ഉപയോഗിക്കുന്ന മരുന്നും ഇക്കൂട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.2021 മാർച്ചിൽ ഉത്പ്പാദിച്ച റെംഡിസീവിറിന്റെ കാലാവധി 2021 നവംബറിലാണ് അവസാനിക്കുന്നത്.

വിൽപ്പനയ്ക്കുള്ള മരുന്നുകളല്ല, മറിച്ച്‌ സംസ്ഥാന സർക്കാരിന് നൽകാനുള്ള മരുന്നുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചംകൗർ സാഹിബിന് സമീപമുള്ള ഭക്ര കനാലിലാണ് റെഡിംസീവിർ മരുന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സർക്കാരിന് വിതരണം ചെയ്യാനുള്ള 1,456 ഇഞ്ചക്ഷനാണ് കണ്ടെത്തിയത്.

ഇക്കൂട്ടത്തിൽ 621 റെംഡിസീവിർ ഇഞ്ചക്ഷനുകളും ലേബൽ ഇല്ലാത്ത 849 ഇഞ്ചക്ഷനുകളുമാണ് ഉണ്ടായിരുന്നത്. അടുത്തിടെ, സംസ്ഥാനത്ത് വാക്‌സിനും ഓക്‌സിജനും മരുന്നുകൾക്കും ക്ഷാമം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് അറിയിച്ചിരുന്നു. ഇതേ തുടർന്ന് 809 വെന്റിലേറ്ററുകൾ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയിരുന്നു. ഇതിൽ 108 എണ്ണം സ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എഞ്ചിനീയർമാരുടെ ലഭ്യതക്കുറവാണ് കാരണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.