ഓക്​സിജൻ സിലിണ്ടറുകളും ബെഡുകളും നൽകി ഋഷഭ്​ പന്ത്​

ന്യൂഡെൽഹി: കൊറോണ വൈറസിനെതിരെ പൊരുതുന്ന രാജ്യത്തിന്​ സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ്​ താരം ഋഷഭ്​ പന്തും. ഓക്​സിജൻ സിലിണ്ടറുകൾ, കിടക്കകൾ, മെഡിക്കൽ കിറ്റുകൾ എന്നീ സൗകര്യങ്ങൾ ലഭ്യമാക്കാനാണ്​ പന്ത്​ സഹായിക്കുക.

രാജ്യത്തെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും കൊറോണ​ കാലത്ത്​ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏ​ർപെട്ടിരിക്കുന്ന സന്നദ്ധ സംഘടനകൾക്കും പന്ത്​ സഹായം നൽകും. സമൂഹ മാധ്യമങ്ങൾ വഴിയാണ്​ പന്ത്​ ഇക്കാര്യം അറിയിച്ചത്​. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏ​ർപെട്ട മുൻനിര പോരാളികളെ പന്ത്​ അഭിനന്ദിക്കുകയും ചെയ്​തു. ലോക ടെസ്റ്റ്​ ചാമ്പ്യൻഷിപ്പിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്​ പരമ്ബരക്കുമുള്ള ​ഇന്ത്യൻ ക്രിക്കറ്റ്​ ടീമിൽ പന്ത്​ ഇടം നേടിയിരുന്നു.

നേരത്തെ ക്രിക്കറ്റ്​ താരങ്ങളായ സചിൻ ടെണ്ടുൽക്കർ, വിരാട്​ കോഹ്​ലി, ശിഖർ ധവാൻ, പാറ്റ്​ കമ്മിൻസ്​, ബ്രെറ്റ്​ ലീ എന്നിവർ സംഭാവനകളിലൂടെ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ അണി ചേർന്നിരുന്നു.