മുംബൈ: ഇന്ത്യയുടെ വിമാനവാഹക യുദ്ധകപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ തീപിടിത്തം. കർണാടകയിലെ കാർവാർ തുറമുഖത്ത് വച്ച് ഇന്ന് രാവിലെയാണ് കപ്പലിൽ നിന്നും പുക ഉയരുന്നത് കണ്ടെത്തിയത്.
കപ്പലിൽ നാവികരുടെ താമസത്തിനായി ഒരുക്കിയിരുന്ന ഭാഗത്താണ് തീ പിടിച്ചത്. ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നാവികർ ചേർന്ന് തീയണച്ചതായും ആർക്കും സംഭവത്തിൽ പരിക്കില്ലെന്നും നാവികസേന വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തിൽ അന്വേഷണം നടത്തുമെന്നും നാവികസേന അധികൃതർ അറിയിച്ചു. പരമാവധി 1600ഓളം പേരെ ഉൾക്കൊളളുന്ന വലിയ വിമാനവാഹക കപ്പലാണ് ഐഎൻഎസ് വിക്രമാദിത്യ. 2013ൽ റഷ്യയിൽ നിന്നാണ് ഇന്ത്യ ഈ കപ്പൽ വാങ്ങിയത്. 1987ൽ റഷ്യ തദ്ദേശീയമായി നിർമ്മിച്ച് ബകു എന്ന് നാമകരണം ചെയ്‌ത യുദ്ധ കപ്പലാണ് ഇന്ത്യ 2013ൽ വാങ്ങിയത്.
ഒഴുകുന്ന എയർഫീൽഡ് എന്നറിയപ്പെടുന്ന കപ്പലിന് നീളം 284 മീറ്ററാണ്. കപ്പലിന്റെ ബീമിന് 60 മീറ്ററാണ് വലുപ്പം. ആകെ മൂന്ന് ഫുട്ബാൾ കളിസ്ഥലങ്ങളുടെയത്ര വലുപ്പമാണ് കപ്പലിന്റെ മുകൾതട്ടിനുളളത്. ഇന്ത്യൻ ഇതിഹാസങ്ങളിലെ വിക്രമാദിത്യ ചക്രവർത്തിയുടെ പേരാണ് ഈ കപ്പലിന് നൽകിയിരിക്കുന്നത്. ഐഎൻഎസ് വിക്രമാദിത്യന് പുറമേ ഐഎൻഎസ് വിരാട് എന്നൊരു വിമാനവാഹക കപ്പലും ഇന്ത്യയ്‌ക്കുണ്ട്. മൂന്നാമത്തേതായ ഐഎൻഎസ് വിശാലിന്റെ നിർമ്മാണം നടക്കുകയാണ് 2030ഓടെ നിർമ്മാണം പൂർത്തീകരിക്കും