ചെന്നൈ: തമിഴ്നാടിന് ഒരു പ്രൊഫഷണലിനെ ധനകാര്യ മന്ത്രിയായി കിട്ടി. മൂലധന കമ്പോളത്തിൻ്റെ അലകും പിടിയും നന്നായി അറിയാവുന്ന പിടിആർ പളനിവേൽ ത്യാഗരാജൻ ഇനി തമിഴകത്തിൻ്റെ സാമ്പത്തിക ഭാഗധേയം നിശ്ചയിക്കും. ഒപ്പം ശക്തമായ രാഷ്ട്രീയ പാരമ്പര്യവും. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ റൈറ്റ് ചോയ്സ്.
ധനമന്ത്രി ആരെന്ന ചോദ്യത്തിന് സ്റ്റാലിൻ വേഗം ഉത്തരം കണ്ടെത്തി. മധുരൈ സെൻട്രൽ നിയോജക മണ്ഡലത്തിൽ നിന്നു ജയിച്ചു കയറിയ ഈ 55 കാരൻ പളനിവേൽ ത്യാഗരാജൻ്റെ ട്രാക്ക് റെക്കോഡ് കണ്ടാൽ സംശയത്തിന് പിന്നെ ഇടമില്ലല്ലോ.
ഊട്ടി ലോറൻസ് സ്കൂളിൽ പ്രാഥമിക പoനം. തൃശിനാപ്പള്ളി ആർഇസി യിൽ (ഇപ്പോൾ എൻഐടി) നിന്ന് കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം. ഓപ്പറേഷൻസ് റിസർച്ചിൽ മാസ്റ്റേഴ്സ്, ഹ്യുമൻ ഫാക്ടേഴ്സ് എഞ്ചിനീയറിങ്ങിൽ പിഎച്ച് ഡി. പിന്നെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സ്ളോവൻ സ്കൂൾ ഓഫ് മാനേജ്മെൻറിൽ നിന്ന് എംബിഎ . ഫിനാൻഷ്യൽ മാനേജ്മെൻറിൽ സ്പെഷ്യലൈസേഷൻ.
വിദ്യാഭ്യാസം കഴിഞ്ഞ് സ്വതന്ത്ര കൺസൾട്ടൻ്റായി കരിയർ തുടങ്ങി. പിന്നെ ലീമെൻ ബ്രദേഴ്സിൽ കോ-പോർട്ട് ഫോളിയോ മാനേജറായി. 2008 ൽ ലീമെൻ വിടുമ്പോൾ ഓഫ് ഷോർ കാപ്പിറ്റൽ മാർക്കറ്റ്സ് വിഭാഗം തലവൻ. പിന്നെ സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിൽ . സിങ്കപ്പൂരിലെ അവരുടെ ഗ്ളോബൽ കാപ്പിറ്റൽ മാർക്കറ്റ്സ് ഡിവിഷനിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചത്.
2014ൽ സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്ക് വിടുമ്പോൾ പളനിവേൽ ത്യാഗരാജൻ അവരുടെ ഫിനാൻഷ്യൽ മാർക്കറ്റ് സ് ഡിവിഷൻ സെയിൽസ് വിഭാഗത്തിൻ്റെ മാനേജിങ് ഡയറക്ടറായിരുന്നു. മാർഗരറ്റാണ് ഭാര്യ. രണ്ട് ആൺമക്കൾ. പളനിയും വേലും . പളനിവേൽ ത്യാഗരാജൻ്റെ അച്ഛൻ പിടി ആർ പളനിവേൽ രാജൻ രാഷ്ട്രീയ നേതാവായിരുന്നു . മുത്തച്ഛൻ പിടി രാജൻ പഴയ മദ്രാസ് പ്രസിഡൻസിയിൽ മുഖ്യമന്ത്രിയായിരുന്നു.