ബംഗാളിൽ ഫലപ്രഖ്യാപന ശേഷമുള്ള സംഘര്‍ഷങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷമുള്ള രാഷ്ട്രീയ അക്രമങ്ങള്‍ ബംഗാളില്‍ ശമനമില്ലാതെ തുടരുന്നു. വടക്കന്‍ ബര്‍ദമാന്‍ ജില്ലയില്‍ രാത്രി ഉണ്ടായ സംഘര്‍ഷങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സമാധാനം പാലിക്കണമെന്ന് മമതയുടെ ആഹ്വാനത്തിന് ശേഷവും വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ ഉണ്ടായി. കൊല്‍ക്കത്തയില്‍ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം നടന്നു.

നൂറോളം പാര്‍ട്ടി ഓഫീസുകള്‍ തൃണമൂല്‍ ഗുണ്ടകള്‍ തകര്‍ത്തതായി ബിജെപി ആരോപിക്കുന്നു. കത്തിച്ച ഓഫീസുകള്‍ കാണാനും പരിക്കേറ്റ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ ഇന്ന് ബംഗാളില്‍ എത്തുന്നുണ്ട്. തൃണമൂല്‍ അതിക്രമങ്ങള്‍ക്കെതിരെ ദേശീയ പ്രതിഷേധത്തിന് ബിജെപി തീരുമാനിച്ചിട്ടുണ്ട്.

ബംഗാളിലെ അതിക്രമങ്ങളെ സിപിഎം ജെനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചു. സിപിഎം ഓഫിസുകള്‍ക്കുനേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണങ്ങളുണ്ടായതായി സിപിഎമ്മും ആരോപിച്ചു. അതിനിടെ ആക്രമണങ്ങളെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി.