ഓക്സിജൻ ലഭ്യത വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് ഡെൽഹി സർക്കാറിന്റെ കത്ത്

ന്യൂഡെൽഹി: ഓക്സിജൻ ലഭ്യത വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് ഡെൽഹി സർക്കാറിന്റെ കത്ത്. ദിവസേന അനുവദിച്ച 490 മെട്രിക് ടൺ ഓക്സിജൻ 976 മെട്രിക് ടൺ ആയി ഉയർത്തണമെന്നാണ് കത്തിലെ ആവശ്യം.

അതേസമയം, ഓക്സിജൻ വിതരണക്കാർക്ക് ഡെൽഹി ഹൈക്കോടതി ഇന്ന് നോട്ടീസ് അയച്ചു. നാളെ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഡെൽഹിയിലെ ആശുപത്രികളിൽ വിതരണം ചെയ്യുന്ന ഓക്സിജൻ സംബന്ധിച്ച വിവരം ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഓക്സിജൻ വിതരണത്തിൽ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെ ഡെൽഹി ഹൈക്കോടതി ഇന്ന് വിമർശിച്ചിരുന്നു. ഓക്സിജൻ ക്ഷാമം പരിഹരിക്കേണ്ടത് കേന്ദ്രസർക്കാരിൻറെ ചുമതലയാണ്. ഓക്സിജൻ ക്ഷാമം ഉള്ളതിനാൽ ആശുപത്രികൾ രോഗികളെ പ്രവേശിപ്പിക്കുന്നില്ല.

എന്തുകൊണ്ടാണ് ആവശ്യമുള്ളതിനേക്കാൾ കുറവ് ഓക്സിജൻ ഡെൽഹിക്ക് അനുവദിച്ചിരിക്കുന്നതെന്ന് കോടതി ചോദിച്ചു. അനുവദിച്ചതിനേക്കാൾ ഇരുപത്തിയഞ്ച് ശതമാനം കൂടുതൽ ഓക്സിജൻ മധ്യപ്രദേശിന് നൽകിയപ്പോൾ 480 മെട്രിക് ടൺ മാത്രമാണ് ഡെൽഹിക്ക് നൽകിയതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. എന്നാൽ, ഓക്സിജൻ അനുവദിക്കുന്നത് നടന്നുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര സർക്കാർ ഡെൽഹി ഹൈക്കോടതിയിൽ പറഞ്ഞു.