താനെ: മഹാരാഷ്ട്രയിലെ താനെയിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ നാല് രോഗികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മുമ്പ്രയിലെ കൗസയിലുള്ള പ്രൈം ക്രിട്ടിക്കെയർ ആശുപത്രിയിൽ പുലർച്ചെ 3.40നായിരുന്നു തീപ്പിടിത്തമുണ്ടായത്. അപകടകാരണം വ്യക്തമല്ല.
മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. ഐസിയുവിൽ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികൾ ഉൾപ്പെടെ 20 രോഗികളെ സുരക്ഷിതമായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ആശുപത്രിയിലെ ഒന്നാംനില തകർന്നതായും കോവിഡ് രോഗികളാരും ചികിത്സയിൽ ഉണ്ടായിരുന്നില്ലെന്നും അധികൃതർ അറിയിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപ വീതവും നൽകും. സംഭവത്തെക്കുറിച്ച് ഉന്നതതല സമിതി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു