തിരുവനന്തപുരം/ന്യൂഡെൽഹി: മലയാളി പത്രപവർത്തകൻ സിദ്ദിഖ് കാപ്പൻ്റെ ജീവൻ രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കാപ്പനെ അടിയന്തരമായി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റണം.
യുഎപിഎ പ്രകാരം തടവിലാക്കപ്പെട്ട കാപ്പൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നു. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന അദ്ദേഹത്തിന് കൊറോണ ബാധിച്ചതിനെ തുടർന്ന് മഥുരയിലെ കെവിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോർട്ടുകളുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മഥുര മെഡിക്കൽ കോളേജിൽ കഴിയുന്ന മലയാളി പത്രപവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച് അദ്ദേഹത്തെ തുടർ ചികിത്സയ്ക്കായി ഡെൽഹി എയിംസിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എൻ.വി.രമണയ്ക്ക് കേരളത്തിലെ എം.പി മാർ കത്തയച്ചു. പതിനൊന്ന് എം.പിമാർ സംയുക്തമായാണ് കത്ത് നൽകിയത്.
ഉത്തർപ്രദേശിലെ മഥുര മെഡിക്കൽ കോളേജിൽ കൊറോണ പൊസീറ്റിവായ ചികിത്സയിൽ കഴിയുന്ന സിദ്ധീഖ് കാപ്പന്റെ അവസ്ഥ അങ്ങേയറ്റം മോശമാണെന്നും താടിയെല്ല് പൊട്ടിയ നിലയിൽ മൃഗത്തെപോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയിൽ തടവിൽ കഴിയുന്നതെന്നും കത്തിൽ എം.പിമാർ ചൂണ്ടിക്കാട്ടുന്നു. സിദ്ദീഖ് കാപ്പന് വേണ്ടി കഴിഞ്ഞ ആറു മാസത്തിനിടെ ഏഴു തവണ ഹേബിയസ് കോർപ്പസ് ഹർജി ഫയലിൽ സ്വീകരിച്ചിരുന്നു. അജ്ഞാതമായ കാരണങ്ങളാൽ അപേക്ഷ ഒരിക്കലും തീർപ്പാക്കിയിട്ടില്ല.
എം.പിമാരായ കെ.സുധാകരൻ, കെ. മുരളീധരൻ, ഇ.ടി മുഹമ്മദ് ബഷീർ, വി.കെ ശ്രീകണ്ഠൻ, രമ്യഹരിദാസ്, ബെന്നി ബഹനാൻ, ടി.എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, എൻ.കെ പ്രേമചന്ദ്രൻ, പി.വി അബ്ദുൽ വഹാബ് തുടങ്ങിയവരാണ് ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ ഒപ്പിട്ടിരിക്കുന്നത്.