പ്രധാനമന്ത്രിയുടെ മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച ടെലിവിഷനിൽ തത്സമയം പ്രദർശിപ്പിച്ച് ഡെൽഹി സർക്കാർ ; വിവാദമായപ്പോൾ കേജരിവാളിൻ്റെ ഖേദപ്രകടനം

ന്യൂഡെൽഹി: കൊറോണ ഏറെ രൂക്ഷമായ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ച ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സർക്കാർ ടെലിവിഷനിൽ തത്സമയം പ്രദർശിപ്പിച്ചത് വിവാദമായി. മുഖ്യമന്ത്രിമാരുമായി മാത്രം നടത്തിയ യോഗം തത്സമയം പ്രദർശിപ്പിച്ചതിൽ പ്രധാനമന്ത്രി അതൃപ്തി അറിയിച്ചതോടെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു.

യോഗം പുരോഗമിക്കുന്നതിനിടെ വിശദാംശങ്ങള്‍ ഡെൽഹി സർക്കാർ ടെലിവിഷനിൽ യോഗം രാഷ്ട്രീയം കളിക്കാനുള്ള വേദിയാക്കി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ മാറ്റിയെന്നാണ് കേന്ദ്രത്തിന്റെ വിമര്‍ശനം. എന്താണ് ഇവിടെ സംഭവിക്കുന്നത്. ചില മുഖ്യമന്ത്രിമാർ അതീവ രഹസ്യ പ്രാധാന്യമുള്ള ഒരു യോഗം തത്സമയം ടെലിവിഷനിലൂടെ പ്രദർശിപ്പിക്കുന്നു. ഇത് നമ്മുടെ കീഴ്‌വഴക്കത്തിനും പ്രോട്ടോക്കോളിനും എതിരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ വിമർശനം ഉൾക്കൊണ്ട കേജ്‌രിവാൾ ഇത്തരം കാര്യങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നു പ്രധാനമന്ത്രിക്കു ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ പ്രധാനമന്ത്രിയുടെ യോഗം തത്സമയം സംപ്രേഷണം ചെയ്യരുതെന്നു പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് യാതൊരു തരത്തിലുള്ള നിർദേശവും ഉണ്ടായിരുന്നില്ല. ഇങ്ങനെ അസൗകര്യമുണ്ടായതിൽ ഖേദിക്കുന്നുവെന്നും കേജ്‌രിവാളിന്റെ ഓഫിസ് പ്രതികരിച്ചു.

രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. കേരളമുള്‍പ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ ‌പങ്കെടുത്തു. യോഗത്തിൽ വളരെ വൈകാരികമായാണ് കേജ്‌രിവാൾ സംസാരിച്ചത്. ‍ഡൽഹിയിൽ ഓക്സിജൻ ക്ഷാമം വർധിക്കുകയാണ്. ഓക്സിജൻ പ്ലാന്റുകൾ ഇല്ലെങ്കിൽ ഡൽഹിയിലെ ജനങ്ങൾക്ക് ഓക്സിജൻ ലഭിക്കില്ലെന്നാണോ?

ഡെല്‍ഹിയിലെ ആശുപത്രികളിൽ രോഗികൾ‌ ഓക്സിജൻ അഭാവം മൂലം മരണം കാത്തുകിടക്കുമ്പോൾ ഞാൻ ആരോടാണ് സംസാരിക്കേണ്ടതന്നും കേജ്‌രിവാൾ പ്രധാനമന്ത്രിയോട് ചോദിച്ചിരുന്നു.

ഡെൽഹിയിലെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് നിരവധി ആശുപത്രികളാണ് ഹൈക്കോടതിയെ സമീപിച്ചത്. കൊറോണ രണ്ടാം തരംഗത്തിന്റെ തീവ്രവ്യാപനത്തെ തുടര്‍ന്ന് ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരുന്നു. വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ച് ഡെൽഹി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനാന്തര ഓക്സിജൻ സിലിണ്ടർ നീക്കത്തിനുള്ള നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ നീക്കി. സിലിണ്ടറുകളുമായി നീങ്ങുന്ന വാഹനങ്ങളെ അതിർത്തികളിൽ തടയരുതെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.

രാജ്യത്ത് കൊറോണ രോഗവ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് ഡെല്‍ഹി. രോഗികളുടെ എണ്ണം പെരുകിയതോടെ മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗം പതിന്മടങ്ങായി വര്‍ധിച്ചിരുന്നു. ഇതിനാവശ്യമായ ഓക്‌സിജന്‍ വിതരണം ഇല്ലാത്തത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത പ്രതിസന്ധി സൃഷ്്ടിക്കുകയാണ്. ഹൈക്കോടതി വരെ നേരിട്ട് ഇടപെട്ട് ഡെല്‍ഹിക്ക് ആവശ്യമായി ഓക്‌സിജന്‍ വിതരണം ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഉത്തരവിട്ടിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല.