ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്നു; മഹാരാഷ്ട്രയിൽ 22 കൊറോണ രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ ആശുപത്രിയിലെ ഓക്സിജന്‍ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന ഓക്‌സിജന്‍ ലഭിക്കാതെ 22 കൊറോണ രോഗികള്‍ മരിച്ചു. ഡോ. സാകിര്‍ ഹുസൈന്‍ ആശുപത്രിക്ക് പുറത്തെ ഓക്സിജൻ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ഇന്ന് ഉച്ചയ്ക്ക് ടാങ്കിൽ ചേർച്ചയുണ്ടായി അപകടം നടന്നത്.

ഓക്‌സിജന്‍ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ഇതോടെ വെന്റിലേറ്ററില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. 150 ഓളം കൊറോണ ബാധിതര്‍ ആശുപത്രിയിലുണ്ടായിരുന്നു. ഓക്സിജൻ പിന്തുണയോടെ ചികിത്സയിൽ ഉണ്ടായിരുന്ന 80 രോഗികളിൽ 31 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

ടാങ്കിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് മുപ്പത് മിനിട്ടോളം ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടു. ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണ്. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി രാജേന്ദ്ര ഷിംഗേന്‍ പറഞ്ഞു.

അപകടം നടന്ന ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ചോർച്ച അടയ്ക്കാനുള്ള ശ്രമം തുടരുകയാണ്.