വാക്‌സിന്‍ ക്ഷാമമെന്ന് റിപ്പോര്‍ട്ട്; വിവിധ സംസ്ഥാനങ്ങള്‍ പാഴാക്കിയത് 23 ശതമാനം വാക്‌സിന്‍

ന്യൂഡെല്‍ഹി: കൊറോണ വാക്‌സിന് ക്ഷാമം നേരിടുന്നു വെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വൈറസിനെതിരെ വികസിപ്പിച്ച വാക്സിന്‍ സംസ്ഥാനങ്ങള്‍ പാഴാക്കി കളഞ്ഞതായി വിവരാവകാശ രേഖ. സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച വാക്‌സിനില്‍ ഇരുപത്തി മൂന്ന് ശതമാനവും ഉപയോഗശൂന്യമായി എന്നാണ് അറിയുന്നത്.

തമിഴ്നാടാണ് ഏറ്റവുമധികം വാക്സിന്‍ ഡോസുകള്‍ പാഴാക്കി കളഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കേരളം വാക്‌സിന്‍ ഉപയോഗ ശൂന്യമാക്കിയിട്ടില്ല. കേരളത്തിന് പുറമേ പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മിസോറാം, ഗോവ, തുടങ്ങിയ സംസ്ഥാനങ്ങളാണ് വാക്സിന്‍ പാഴാക്കി കളയാതിരുന്നത്.

വാക്‌സിന്റെ ഒരു സെറ്റില്‍ പത്ത് ഡോസ് ആണ് അടങ്ങിയിട്ടുള്ളത്. ഇത് തുറന്ന് നാല് മണിക്കൂറിനുള്ളില്‍ മുഴുവന്‍ ഡോസും ഉപയോഗിക്കാത്ത പക്ഷം വാക്‌സിന്‍ ഉപയോഗ ശൂന്യമായിത്തീരും.

ഇതുവരെയുള്ള കണക്ക് അനുസരിച്ച് 10 കോടി ഡോസാണ് സംസ്ഥാനങ്ങള്‍ ഉപയോഗിച്ചത്. 44 ലക്ഷം ഡോസ് പാഴാക്കി കളഞ്ഞു.തമിഴ്‌നാടിന് പുറമെ ഹരിയാന, പഞ്ചാബ്, മണിപ്പുര്‍, തെലങ്കാന എന്നി സംസ്ഥാനങ്ങളാണ് വാക്‌സിന്‍ ഉപയോഗശൂന്യമാക്കിയത്.