ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; തലയ്ക്ക് 5 ലക്ഷം പ്രഖ്യാപിച്ച മാവോവാദിയെ സുരക്ഷാ സേന വധിച്ചു

റായ്പൂർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളെ വിടാതെ പിന്തുടർന്ന് സുരക്ഷാ സേന. ഇതിന്റെ ഭാഗമായി തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവിനെ സേന വധിച്ചു. ദന്തേവാഡയിലെ നീലവായ വന മേഖലയിൽ രാവിലെയോടെ ഉണ്ടായ ഏറ്റുമുട്ടലിൽ മല്ലപ്പാറ സ്വദേശി കോസയെയാണ് സുരക്ഷാ സേന വധിച്ചത്.

തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കോസ ഏറെ നാളുകളായി വനമേഖലയിൽ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് നടത്തിയ പരിശോധനയിലാണ് കോസയെ കണ്ടെത്തിയത്. സുരക്ഷാ സേനയെ കണ്ടതിന് പിന്നാലെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു.

ഏറെ നേരം നീണ്ടുനിന്ന ഏറ്റുമുട്ടലിന് ശേഷം നടത്തിയ പരിശോധനയിലാണ് കോസയുടെ മൃതദേഹം കണ്ടെത്തിയത്. ഏറ്റുമുട്ടൽ പ്രദേശത്തു നിന്നും ആയുധങ്ങളും, സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി കോസയ്‌ക്കെതിരെ കൊലക്കുറ്റമടക്കം 15 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.